ചരിത്രം പിറന്ന ശ്രീനാരായണവിദ്യാലയം നവീകരിക്കുന്നു: നവതിവർഷത്തിൽ പുതുമോടിയിലേക്ക്

Sunday 19 December 2021 11:43 PM IST

പയ്യന്നൂർ:ശ്രീനാരായണഗുരുദേവന്റെ അന്തിമസന്യാസശിഷ്യൻ സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ചതും മഹാത്മജിയുടെ പാദസ്പർശമേറ്റതുമടക്കം നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം നവീകരിക്കുന്നു.പഴയമാതൃകയിലുള്ള കെട്ടിടം ജീർണ്ണാവസ്ഥയിലായതിനെ തുടർന്നാണിത്. നവതി പിന്നിട്ട കെട്ടിടത്തിന്റെ തനിമ നിലനിർത്തി ജീർണ്ണിച്ച മരങ്ങളും വാതിലുകളുമെല്ലാം മാറ്റിയാണ് നവീകരണം.ചുമരിൽ തേപ്പ്,​ റീവയറിംഗ് ,​നിലം ടൈലിടൽ,​ എന്നിവയും നവീകരണത്തിലുണ്ട്.
കെട്ടിടത്തിലെ മുറിയിൽ സ്വാമി ആനനതീർത്ഥൻ ഉപയോഗിച്ചിരുന്ന ചാരുകസേര, മേശ, കട്ടിൽ, കിടക്ക, തലയിണ, വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്ന ജഗ്ഗ്, ഗ്ലാസ്, പ്ളേറ്റുകൾ, ചെരുപ്പ് തുടങ്ങിയ സാധനങ്ങൾ നിധിപോലെ നവീകരിച്ച മുറിയിലും സൂക്ഷിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട് നിൽക്കുന്ന വിദ്യാലയത്തിന്റെ നവതി ആഘോഷങ്ങൾ കഴിഞ്ഞ നവംബർ 21ന് ആണ് ഉദ്ഘാടനം ചെയ്തത്. നവതി ആഘോഷങ്ങൾക്കിടയിൽ തന്നെ നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ, സെക്രട്ടറി കെ.പി.ദാമോദരൻ എന്നിവർ പറഞ്ഞു.50 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങൾ സുമനസ്സുകളുടെ സഹായത്തോടെയും മറ്റുമാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

അറിയണം ആനന്ദതീർത്ഥസ്വാമികളെ

1905 ജനുവരി രണ്ടിന് തലശ്ശേരിയിലെ ഗൗഡ സാരസ്വതബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു

അനന്തഷേണായി എന്ന് പൂർവാശ്രമത്തിലെ പേര്.

1926 ൽ ഒലവക്കോട് ശബരിആശ്രമത്തിൽ അന്തേവാസിയായി അയിത്തോച്ഛാടന പ്രവർത്തനം തുടങ്ങി

1927 ഫെബ്രുവരിയിൽ സബർമതിയിലേക്ക് കാൽനടയായി സഞ്ചരിച്ച് ഗാന്ധിജിയെ സന്ദർശിച്ചു

ശ്രീ നാരായണഗുരുദേവന്റെ സന്ദേശങ്ങളിൽ ആകൃഷ്ടനായി

1928 ആഗസ്റ്റ് 3 ന് വിളിച്ച് വരുത്തി ഗുരുദേവൻ ശിഷ്യത്വം നൽകി ആനന്ദതീർത്ഥൻ എന്ന് പുനർനാമകരണം ചെയ്തു.

1929ൽ കേളപ്പജിയോടൊപ്പം പയ്യോളി ശ്രദ്ധാനന്ദ വിദ്യാലയത്തിൽ

1930ൽ രാജാജിയോടൊപ്പം വേദാരണ്യം ക്യാമ്പിൽ ഉപ്പ് സത്യാഗ്രഹം നടത്തി അറസ്റ്റ് വരിച്ചു.

1931 ൽ ജയിൽ മോചിതനായ ശേഷം തലശ്ശേരിയിൽ ശ്രീനാരായണ ക്യാമ്പ് നടത്തി.

1931 നവംബർ 21 ന് പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചു.

1987 നവംബർ 21നാണ് സമാധി

അറിയണം ശ്രീനാരായണവിദ്യാലയത്തെ

ജാത്യാചാരങ്ങളും അയിത്തചിന്തകളും കാരണം ആട്ടിയകറ്റപ്പെട്ട അധസ്ഥിത വിഭാഗത്തിലെ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നൽകി ഉന്നതിയിൽ എത്തിക്കുവാനാണ് സ്വാമികൾ ഈ വിദ്യാലയം സ്ഥാപിച്ചത്. 1934 ജനുവരി 12 ന് ഗാന്ധിജി ശ്രീ നാരായണ വിദ്യാലയം സന്ദർശിച്ചു.അന്ന് സന്ദർശന ഓർമ്മക്കായി മുറ്റത്ത് മഹാത്മജി നട്ട മാവ് ഇന്ന് ഗാന്ധിമാവ് എന്ന പേരിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്.മുൻ രാഷ്ട്രപതിമാരായ ഡോ: വി.വി.ഗിരി , ഡോ: രാജേന്ദ്രപ്രസാദ്, ലോക നായക് ജയപ്രകാശ് നാരായണൻ, ഡോ: രാമചന്ദ്രൻ തുടങ്ങിയ ഉന്നതവ്യക്തികൾ ആശ്രമം സന്ദർശിച്ചിരുന്നു.

Advertisement
Advertisement