മംഗളുരുവിൽ അഞ്ചുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

Sunday 19 December 2021 11:54 PM IST

കാസർകോട്: ദക്ഷിണകന്നഡ ജില്ലയിൽ ശനിയാഴ്ച യു.കെയിൽ നിന്നെത്തിയ യാത്രക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കർണ്ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മംഗളുരു പരിസരത്തെ ഒരു സ്കൂളിലാണ് ആദ്യ നാലുകേസുകൾ കണ്ടെത്തിയത്. മംഗളൂരുവിലെ നഴ്സിംഗ് കോളജിലാണ് അഞ്ചാമത്തെ കേസ്.

ഈ അഞ്ച് കേസുകളുടെയും സാമ്പിൾ ഈമാസം പത്തിന് ജനിതകപഠനത്തിന് അയച്ച് സ്ഥിരീകരിച്ചതാണ്. ഇത്രയും ദിവസത്തിനുള്ളിൽ ഇവരെല്ലാം നെഗറ്റീവ് ആയിക്കഴിഞ്ഞതിനാൽ ആശങ്ക വേണ്ടെന്ന് ജില്ല ഡെപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി രാജേന്ദ്ര പറഞ്ഞു. അഞ്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും യാത്രകൾ പരിശോധിച്ചു. ഇവരാരും ഒമിക്രോൺ അതിതീവ്ര രാഷ്ട്രങ്ങളിൽ യാത്ര ചെയ്തവരല്ല. നഴ്സിംഗ് കോളജിലെ 19 വിദ്യാർത്ഥികളുടെ സ്രവം പരിശോധിച്ചതിൽ ഒരാളാണ് പോസിറ്റീവ് ആയത്. ഈയാളും ഇപ്പോൾ നെഗറ്റീവാണ്.

നഴ്‌സിംഗ് കോളേജ് കണ്ടയിൻമെന്റ് സോൺ

മലയാളികളായ ഏഴ് വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ് ആയതിനെ തടർന്ന് മംഗളൂരിലെ സ്വകാര്യ നഴ്സിംഗ് കോളജ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒന്നാംവർഷ വിദ്യാത്ഥികളായ ഏഴുപേരും ആർ.ടി. പി.സി.ആർ സർട്ടിഫിക്കറ്റുമായാണ് അതിർത്തി കടന്നുവന്നത്.

Advertisement
Advertisement