വെള്ളൂർ പേപ്പർ പ്രൊഡക്സ്: വിറ്റുവരവ് ലക്ഷ്യം 3200 കോടി രൂപ

Wednesday 22 December 2021 12:00 AM IST

കോട്ടയം: ജനുവരി ഒന്നിനു പ്രാരംഭപ്രവർത്തനം ആരംഭിക്കുന്ന കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് അവസാനഘട്ടത്തിൽ 3200 കോടി രൂപ വിറ്റുവരവുള്ള മുൻനിര സ്ഥാപനമായി മാറുമെന്നും മൂവായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്നും വ്യവസായ-കയർ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ എച്ച്.എൻ.എൽ. പുനഃസംഘടിപ്പിച്ച് കേരള പേപ്പർ പ്രോഡക്ട്സായി പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. കമ്പനി നാലു ഘട്ടങ്ങളിലായി പ്രവർത്തനമാരംഭിക്കും. നടത്തിപ്പും പൂർണ നിയന്ത്രണവും കിൻഫ്രയ്ക്കാണ്. വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് (ചെയർമാനും മാനേജിംഗ് ഡയറക്ടറും), കിൻഫ്ര എം.ഡി. സന്തോഷ് കോശി ജേക്കബ്, സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട മൂന്നംഗ ബോർഡിനാണ് കമ്പനിയുടെ ചുമതല.

ആദ്യ ഘട്ടത്തിൽ ന്യൂസ് പ്രിന്റ് മാത്രമാണ് ഉത്പാദിപ്പിക്കുകയെങ്കിലും തുടർന്ന് ടിഷ്യു പേപ്പർ ഉൾപ്പെടെയുള്ള പ്രീമിയം പേപ്പർ ഉദ്പന്നങ്ങളുടെ നിർമാണവും ആരംഭിക്കും. അവസാനഘട്ടത്തിൽ 3200 കോടി വിറ്റുവരവുള്ള മുൻനിര സ്ഥാപനമായി മാറും .

700 ഏക്കർ വരുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കുറച്ചു സ്ഥലം ഏറ്റെടുത്ത് കേരള റബർ ലിമിറ്റഡിന്റെ ഭാഗമായി റബർ കർഷകർക്ക് വിലകിട്ടുന്ന രീതിയിൽ മൂല്യവർദ്ധിത ഉദ്പന്നങ്ങൾക്കായി റബർ സിറ്റിയും ഹൈടെക് വികസന രീതിയിൽ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കും സ്ഥാപിക്കും. കോട്ടയത്തിന്റെ മുഖഛായ മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഫാക്ടറിയുടെ നിലവിലെ അവസ്ഥകൾ മന്ത്രി വിലയിരുത്തി. എം.എൽ.എ. മാരായ മോൻസ് ജോസഫ്, സി.കെ. ആശ, വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള റബർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷീല തോമസ്, കിൻഫ്ര എം.ഡി. സന്തോഷ് കോശി ജേക്കബ്, സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 ജനുവരിയിൽ അറ്റകുറ്റപ്പണി തുടങ്ങും

 അഞ്ചുമാസം കൊണ്ട് പൂർത്തിയാക്കും

 മേയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 ആദ്യ ഘട്ടത്തിൽ ന്യൂസ് പ്രിന്റ് ഉത്പാദനം

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എ. മാരായ സി.കെ. ആശ, മോൻസ് ജോസഫ് എന്നിവർ നടത്തിയ പരിശ്രമങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രവർത്തിപ്പിക്കുന്നതിന് തീരുമാനിച്ചത്.

- പി. രാജീവ്, വ്യവസായ മന്ത്രി

കമ്പനിയുടെ ഉടമസ്ഥതയിൽ

700 ഏക്കർ

 നവീകരണ ചെലവ്

34.3 കോടി

Advertisement
Advertisement