പാകിസ്ഥാനും ചൈനയ്ക്കും ഭീഷണി , ആദ്യ എസ് - 400 ആകാശ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചു

Wednesday 22 December 2021 1:30 AM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകി റഷ്യയുടെ അത്യാധുനിക ദീർഘദൂര ആകാശ മിസൈൽ പ്രതിരോധ സംവിധാനമായ എസ് - 400ന്റെ ആദ്യ യൂണിറ്റ് ഇന്നലെ പബാബ് അതിർത്തിയിൽ വിന്യസിച്ചു. 400 കിലോമീറ്റർ വരെയുള്ള വ്യോമാക്രമണ ഭീഷണി നേരിടാൻ ശേഷിയുണ്ട്. ഇതോടെ പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമാക്രമണങ്ങളെ കൂടുതൽ ഫലപ്രദമായി ചെറുക്കാനാകുമെന്ന് വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു.

ഈ മാസമാദ്യം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എസ് - 400 മിസൈൽ പ്രതിരോധ യൂണിറ്റുകളുടെ വിതരണം തുടങ്ങിയതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വി. ശൃംഗ്ല അറിയിച്ചിരുന്നു. 2015 ലാണ് റഷ്യയുമായി എസ് - 400ന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങാനായി 35,000 കോടി രൂപയുടെ കരാറിലേർപ്പെട്ടത്. കരാറുമായി മുന്നോട്ട് പോയാൽ ഇന്ത്യയ്ക്ക് മേൽ ഉപരോധമേർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയിൽ നിന്ന് എസ് - 400 വാങ്ങിയതിന് തുർക്കിക്കെതിരെ യു.എസ് ഉപരോധം നിലവിലുണ്ട്.

എസ് - 400 പ്രത്യേകതകൾ

വ്യത്യസ്തമായ 4 മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. ശത്രു വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, അവാക്സ് വിമാനങ്ങൾ എന്നിവയെ 400, 250, 120,40 കിലോമീറ്റർ ദൂരപരിധികളിൽ തകർക്കാനാകും. ഈ മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് കൈമാറുന്നതിന് മുമ്പ് ഇന്ത്യൻ വ്യോമസേന ഓഫീസർമാർക്ക് റഷ്യയിൽ പരിശീലനം നൽകിയിരുന്നു.

Advertisement
Advertisement