മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന് ബി.ജെ.പി, താക്കറെ സുഖം പ്രാപിക്കുന്നുവെന്ന് മകൻ

Thursday 23 December 2021 12:39 AM IST

മുംബയ്: മഹാരാഷ്‌ട്രാ നിയമസഭയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അഭാവത്തെ ചൊല്ലി വിമർശനങ്ങൾ ഉയരവെ, താക്കറെയുടെ രോഗം ഭേദമാകുന്നത് വരെ മുഖ്യമന്ത്രി സ്ഥാനം മറ്റാർക്കെങ്കിലും കൈമാറണമെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും എം.എൽ.എയുമായ ചന്ദ്രകാന്ത് പാട്ടീൽ ആവശ്യപ്പെട്ടു.

'സഭാ നടപടികളിൽ മുഖ്യമന്ത്രിയുടെ അഭാവം അംഗീകരിക്കാനാവില്ല. സഖ്യകക്ഷികളായ കോൺഗ്രസിനെയോ എൻ.സി.പിയെയോ ഉദ്ധവിന് വിശ്വാസമില്ല. മുഖ്യമന്ത്രി പദം അവർ തിരിച്ചുതരുമോയെന്ന ആശങ്ക അദ്ദേഹത്തിനുണ്ടാകും. അതുകൊണ്ട് മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രിപദം നൽകണമെന്നും' അദ്ദേഹം പറഞ്ഞു.

എന്നാൽ, ഉദ്ധവ് താക്കറെയുടെ ആരോഗ്യനില തൃപ്തികരണമാണെന്നും അദ്ദേഹത്തിന് ഏതുസമയത്തും നിയമസഭയിലേക്ക് വരാനാകുമെന്നും മകൻ ആദിത്യ താക്കറെ പറഞ്ഞു.

നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉദ്ധവ് താക്കറെ മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ശേഷം ഔദ്യോഗിക വസതിയിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലും നിയമസഭാംഗങ്ങൾക്കുള്ള ചായ സൽക്കാരത്തിലും വീഡിയോ കോൺഫറൻസിലൂടെ താക്കറെ പങ്കെടുത്തിരുന്നു.

Advertisement
Advertisement