മഞ്ഞക്കൊന്നയെ നശിപ്പിക്കാൻ മന്ത്രിസഭയുടെ നയരേഖ

Thursday 23 December 2021 12:07 AM IST
കേരളകൗമുദി റിപ്പോർട്ട്

തൃശൂർ: വനമേഖലയുടെ നിലനിൽപ്പിന് ഭീഷണിയായ മഞ്ഞക്കൊന്ന ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ. കഴിഞ്ഞ 15ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച നയരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വയനാട് വന്യജീവി സങ്കേതം ഉൾപ്പെടെ വനത്തിൽ വ്യാപിക്കുന്ന മഞ്ഞക്കൊന്നയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

തുടർന്നാണ് സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ട നയരേഖയിൽ മഞ്ഞക്കൊന്ന നിർമ്മാർജ്ജനവും ഉൾപ്പെടുത്തിയത്. മഞ്ഞക്കൊന്നയ്ക്ക് പുറമെ ജൈവ വൈവിദ്ധ്യത്തിന് ഭീഷണിയാവുന്ന ലന്റാന, മൈക്കീനിയ എന്നിവയെയും ആഫ്രിക്കൻ ഒച്ച്, മുഷി തുടങ്ങിയവയെയും വനത്തിന്റെ ആവാസ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി ഇറക്കുമതി ചെയ്ത കൂട്ടത്തിലാണ് മഞ്ഞക്കൊന്ന കേരളത്തിലെത്തിയത്. വനത്തിൽ അതിവേഗം പടരുന്നതും വെട്ടിയാൽ ഇരട്ടിയിലധികമായി പെരുകുന്നതുമായ മഞ്ഞക്കൊന്ന സ്വാഭാവിക വനത്തെ നശിപ്പിക്കും. മണ്ണിലെ ജലാംശം കുറയ്ക്കും. മഞ്ഞക്കൊന്നയുടെ തണലിൽ പുല്ലു പോലും മുളയ്ക്കില്ല. തടി വിറകിനും കൊള്ളില്ല. വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സ്ഥിതിയുണ്ടാവുകയും അവ നാട്ടിലിറങ്ങുകയും ചെയ്യും. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇത് കാരണമാകും. വയനാട് വന്യജീവി സങ്കേതത്തിലാണ് മഞ്ഞക്കൊന്ന ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. മലക്കപ്പാറ (തൃശൂർ), കണ്ണവം (കണ്ണൂർ), പെരിയാർ, തേക്കടി, കോഴിക്കോട്, അട്ടപ്പാടി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലും മഞ്ഞക്കൊന്നയുള്ളതായി കേരളകൗമുദി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തദ്ദേശീയ സസ്യങ്ങൾ നടും

വന്യജീവികൾക്ക് മികച്ച ആവാസ വ്യവസ്ഥ സൃഷ്ടിക്കാനായി തദ്ദേശീയ സസ്യങ്ങളായ കാട്ടുമാവ്, കാട്ടുനെല്ലി, കാട്ടുപ്‌ളാവ് എന്നിവ നടും. വനത്തിനുള്ളിലെ ജലദൗർലഭ്യം പരിഹരിക്കാൻ പരിസ്ഥിതി സൗഹൃദ തടയണകളും കുളങ്ങളും നിർമ്മിക്കും. വന സംരക്ഷണത്തിൽ താല്പര്യമുള്ള സംഘടനകൾ, വനവാസികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയുള്ള പങ്കാളിത്ത പദ്ധതിയിലൂടെയാണ് ഇത്തരം പ്രവർത്തനം നടത്തുകയെന്നും നയരേഖയിൽ പറയുന്നു.

Advertisement
Advertisement