ഇരുൾപ്പാടത്തെ പൂനിലാവ്

Thursday 23 December 2021 12:20 AM IST

വരുംകാല ആകുലതകളുടെ കൊടും വെറിയിൽ ഭൂമിയുടെ പച്ചക്കവിതയും സ്നേഹഗീതങ്ങളും വറ്റിവരണ്ടുകൊണ്ടിരിക്കുമ്പോൾ പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച് പാടിയ കവയിത്രിയുടെ സ്നേഹസ്‌പർശം സുഗതസ്‌മരണകൾക്ക് ഒരു വയസ്

കന്യാകുമാരിയിലും സുഗതകുമാരിയിലും കുമാരീഭാവമുണ്ട്. കാരുണ്യവും നൈർമ്മല്യവും ഇതളിടുന്ന ഭാവം. കാത്തിരിപ്പിന്റെ മുനമ്പിലെ പ്രസാദസുന്ദരമായ മുഖശ്രീ ഭാവങ്ങൾ. കന്യാകുമാരി ദേവി കാത്തിരുന്നത് സ്വയംവര മംഗല്യമുഹൂർത്തം. സുഗതകുമാരി കാത്തിരുന്നത് മണ്ണും മണ്ണിന്റെ മക്കളും തമസിന്റെ കരാള ഹസ്തങ്ങളിൽ പിടയാത്ത പ്രഭാതങ്ങളെ. കണ്ണടയുവോളവും അവർക്ക് ആ കാത്തിരിപ്പായിരുന്നു. മൃതിയുടെ പാൽച്ചിരിയിൽ ലയിച്ചിട്ട് ഒരുവർഷമാകുമ്പോഴും ആത്മാവിപ്പോഴും കാത്തിരിക്കയാകാം.

ചിലർ മണ്ണിനോട് വിടപറഞ്ഞാലും നിത്യവും സമൂഹസംവാദങ്ങളിലേക്ക് കടന്നുവരും. വാക്കിലൂടെയും...അക്ഷരങ്ങളിലൂടെയും.

ഞെട്ടിക്കുന്ന വാർത്തകൾ കേട്ട് നാം കണ്ണടച്ചിരിക്കുമ്പോൾ മനസിൽ തെളിയുന്ന ചില മുഖങ്ങളുണ്ട്. കാതിൽ മുഴങ്ങുന്ന ചില സ്വരങ്ങളുണ്ട്. ആ പേരുകളിൽ തീർച്ചയായും സുകുമാർ അഴീക്കോടുണ്ട്. സുഗതകുമാരിയുണ്ട്. അവരുടെ അസാന്നിദ്ധ്യം പലപ്പോഴും നോവിക്കും. അശാന്തികൾക്കെതിരെ ഒരു വിരൽത്താക്കീതിനായി നാം നാലുപാടും നോക്കും. സമൂഹമനസാക്ഷി ഉരുകിത്തിളച്ചുയരുന്ന ചോദ്യശരങ്ങളെ തടുക്കാനുള്ള ഒരു പരിചയ്ക്കായി ചിലപ്പോൾ ആശിക്കും. ചുറ്റുകാഴ്ചകൾ കണ്ടും ആർത്തനാദങ്ങൾ കേട്ടും മരവിച്ചുപോയ മനുഷ്യമനസിന് പറയാനുള്ളത് ആരുടെയെങ്കിലും നാവിലൂടെ കേൾക്കാൻ മോഹിക്കുന്നത് സ്വാഭാവികം. നിർഭാഗ്യവശാൽ അരുതേയെന്ന ഗർജനങ്ങളോ കണ്ണീർ മർമ്മരങ്ങളോ പോലും എത്രയോ കാലമായി കേൾക്കാൻ നമ്മുടെ കാതുകൾക്ക് ഭാഗ്യമില്ലാതായിരിക്കുന്നു. അപ്പോഴും രാവുമറക്കാനുള്ള താരകയായി വരൾച്ച മറക്കുന്ന പുതുമഴയായി സുഗതകുമാരി തെളിയുന്നു.

വാർത്തകളിലെ കല്ലും മുള്ളും ചവിട്ടി നടക്കുമ്പോൾ നാം പലപ്പോഴും സ്വയം ചോദിക്കുന്നു. ഇതും ഒരമ്മയോ ഇങ്ങനെയും ഒരച്ഛനോ. ദൈവത്തിന്റെ നാട്ടിലും ഇത്തരം ഭാര്യമാരും ഭർത്താക്കന്മാരും മക്കളുമുണ്ടോ? ഉത്തരമധുരം കിട്ടിയില്ലെങ്കിലും ഒടുവിൽ ചോദ്യങ്ങളുടെ ചണ്ടിതന്നെ നാം ചവച്ചുകൊണ്ടിരിക്കുന്നു. കണ്ണാടി പുറം തിരിച്ചുവച്ച് സ്വയം നോക്കുന്നു. ചുറ്റുപാടുമുള്ള കാഴ്ചകൾ കാണാൻ ശ്രമിക്കുന്നു.

കഴുത്തറ്റുവീണ മരംമുറി വ്യവഹാരങ്ങൾ, നാസികയും സ്തനങ്ങളും ഛേദിക്കപ്പെടുന്ന സഹ്യാദ്രി‌നിരകൾ, ദുരന്തങ്ങളുടെ കനലാറുമ്പോൾ നെടുവീർപ്പായി കാറ്റിൽ ലയിക്കുന്ന പരിസ്ഥിതി റിപ്പോർട്ടുകൾ. ഇവയുടെ തലവിധി അറിയാൻ കോടതിവിധികൾക്കായി നാം കാതോർക്കുന്നു. നേരമ്പോക്കുകൾ കൊറിക്കാനുള്ള അന്തിച്ചർച്ചകളിൽ രമിക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ ആവർത്തിക്കപ്പെടുന്ന മനുഷ്യക്കുരുതികൾ, പിച്ചിച്ചീന്തപ്പെടുന്ന കന്യാവനങ്ങൾ അതൊക്കെ ചിന്തിക്കാനുള്ള സമയമെവിടെ.

മധുരത്തിൽ പൊതിഞ്ഞ സ്ഫോടകവസ്തു ചവച്ച് ഗർഭിണി ആന നമ്മുടെ മനസിലേക്ക് ചരിയുന്നു. ഉത്ര, വിസ്‌മയ, വാളയാർ പെൺകുട്ടികളുടെ പിൻഗാമികൾ എത്രപേരെ അലട്ടുന്നു. അച്ചടിച്ചു വരേണ്ട ഒരു പ്രസ്താവനയ്ക്കും ഒപ്പിടലിനും അപ്പുറം എത്ര പ്രാധാന്യം നാം കല്പിക്കുന്നു. . ദശാബ്ദങ്ങൾക്ക് മുമ്പ് സുഗതകുമാരി എഴുതിയ തലശേരി എന്ന കവിതയുടെ നീളം കുരുതിച്ചോരകൊണ്ട് കൂടിവരികയല്ലേ?

സായിപ്പിന്റെ സൈലന്റ്‌വാലി, മലയാളത്തിന്റെ സൈരന്ധ്രി വനം ലോകമെങ്ങും ചർച്ചചെയ്യപ്പെട്ടതെങ്ങനെ?​ ദീർഘവീക്ഷണരഹിതമായ വികസനത്തിന്റെ മഴുവിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടതെങ്ങനെ. കുന്തിപ്പുഴയും സിംഹവാലൻ കുരങ്ങും മലമുഴക്കി വേഴാമ്പലും തവളവായൻ കിളിയും നമുക്ക് സുപരിചിതമായതെങ്ങനെ... അതിരപ്പിള്ളി, ആറന്മുള എന്നിവിടങ്ങളിലുയർന്ന എതിർശബ്ദങ്ങൾ ആരുടേതൊക്കെ? അത്തരം ചിന്തകൾ എത്തിച്ചേരുന്നത് സുഗതകുമാരി മുന്നിട്ടിറങ്ങിയതും ഏകോപിച്ചതുമായ പോരാട്ടങ്ങളിലേക്കാണ്.

പെണ്ണാണ് കൊന്നൊഴിച്ചീടാൻ

കഴിഞ്ഞീല, പൊറുക്കുക

നിൻ മടിത്തട്ടിൽ ജീവിക്കാൻ

ഇവൾക്കു മിടമേകുക

എന്ന കാവ്യയാചന ദുരിതങ്ങളിൽ നാവറ്റ്, ചവിട്ടേറ്റ് കണ്ണീരൊഴുക്കുന്ന സ്‌ത്രീകളുടെ ഉയിർത്തെഴുന്നേല്പിനായിരുന്നില്ലേ?

കേരളത്തിലെ പൂങ്കാവനങ്ങളുടെ യഥാർത്ഥ കാവൽക്കാർ ശബരിമല അയ്യപ്പനും സുഗതകുമാരിയുമാണെന്ന ചില പ്രകൃതിസ്നേ‌ഹികളുടെ അടക്കം പറച്ചിലിലുമുണ്ട് യാഥാർത്ഥ്യം.

തന്റെ കാവ്യസപര്യയിലൂടെ നേടിയെടുത്ത സാമ്രാജ്യം സുഗതകുമാരിക്ക് വിപുലമാക്കാൻ എളുപ്പമായിരുന്നു. മലയാള കവിതയുടെ ഒരു ഭദ്രപീഠം സ്വന്തമാക്കാൻ അതു ധാരാളം. പക്ഷെ സുഗതകുമാരിയുടെ മനസ് അതിലൊതുങ്ങിയില്ല. കശാപ്പ് ചെയ്യപ്പെടുന്ന പ്രകൃതിയെയും നിരന്തരം വേട്ടയാടപ്പെടുന്ന സ്‌ത്രീകളെയും ബാലികമാരെയും നോക്കി കൈയും കെട്ടിയിരിക്കാൻ അവർ ശ്രമിച്ചില്ല. സ്നേഹത്തിന്റെയും സഹനത്തിന്റെയും കർമ്മമാർഗത്തിലൂടെ അവർ പോരാട്ടം തുടർന്നു.

പീഡനങ്ങളിൽ നിന്നു രക്ഷപ്പെട്ടെത്തുന്ന പെൺകുട്ടികൾ, അനാഥരായ കുഞ്ഞുങ്ങൾ എന്നിവരുടെ സംരക്ഷണത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി ചിലതൊക്കെ നടപ്പാക്കി കാണിച്ചു. മാനസികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തിനു നിരന്തരം സമരം ചെയ്തു.

എത്ര ബലവാനും എത്ര സമ്പന്നനും എത്ര പണ്ഡിതനും ജീവിതത്തിൽ തീരെ ദുർബലമാകുകയോ നിസഹായരായി നില്‌ക്കുകയോ ചെയ്യുന്ന നിരവധി മുഹൂർത്തങ്ങളുണ്ടാകും. താനെന്ന ഭാവമെല്ലാം വെടിഞ്ഞ് കേവലം മനുഷ്യനായി മാത്രം മാറുന്ന സന്ദർഭങ്ങൾ. ആ വേളയിൽ പാവം മാനവഹൃദയത്തിന്റെ സ്പന്ദനം ഒന്നായി മാറും. രക്തഗ്രൂപ്പും ഒന്നായിരിക്കും. നിസഹായതയുടെ ഈ ശൂന്യതയെ ഹൃദയം കൊണ്ടെഴുതാൻ സുഗതകുമാരിക്ക് കഴിഞ്ഞു. സകല മനുഷ്യരുടെയും ഹൃദയസ്പന്ദനമാണ് ആ കവിത. പാവം ഈ മാനവഹൃദയപക്ഷത്തായിരുന്നു സുഗതകുമാരി എക്കാലവും. തരിശ്ശായിപ്പോയ കാട്ടുമണ്ണിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് കൃഷ്ണവനമെന്ന് പേരിട്ട ഈ കവയിത്രിയുടെ കൃഷ്ണഭക്തി എത്ര ആത്മാർത്ഥമാണ്.

ഒരാൾ മുകളിലായി വിളക്കുകാട്ടുന്നു എന്ന് സ്വാമി വിവേകാനന്ദനെയും ഒരാൾ വടിയൂന്നി നടക്കുന്നു മുന്നിലെന്ന് ഗാന്ധിജിയെയും ഗുരുക്കന്മാരായി വാഴ്‌ത്തിയ അവർ 'ഒളിപ്പോരൊന്നും പഠിപ്പിച്ചീലവർ തിളച്ച വെയിലത്തേ പയറ്റിയിട്ടുള്ളൂ' എന്നും ഓർമ്മിപ്പിക്കുന്നു. ശരിയെന്ന് തോന്നിയ വഴിയേ സഞ്ചരിച്ചു. അപഹസിച്ചവരെയും തിരസ്‌കരിച്ചവരെയും നോക്കി പുഞ്ചിരിച്ചു. അതിന് കഴിഞ്ഞത് ഈ ഗുരുക്കന്മാരുടെ അദൃശ്യ ശിക്ഷണവും നല്ല കവിതയുടെ ഗുരുത്വാകർഷണബലവും കൊണ്ടാകാം.

Advertisement
Advertisement