തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾക്കൂട്ടങ്ങൾ നിരോധിക്കണം, പ്രധാനമന്ത്രിയോട് ഹൈക്കോടതി

Friday 24 December 2021 10:11 AM IST

അലഹബാദ്: ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ യു പി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആൾക്കൂട്ടങ്ങൾ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. റാലികൾ ഉൾപ്പെടെ നിരോധിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജസ്റ്റിസ് ശേഖർ യാദവ് പറഞ്ഞു.

ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നു ഹൈക്കോടതി പറഞ്ഞു. യുപി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായി. യു പി യിൽ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ കൊവിഡ് നിബന്ധനകൾ പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ശേഖർ യാദവ് പറഞ്ഞു.

ദൂരദർശൻ വഴിയോ പത്രങ്ങൾ വഴിയോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താൻ രാഷ്‌ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം കൊടുക്കണം. ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നൽകുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നേതൃത്വത്തിൽ യുപിയില്‍ വന്‍പ്രചാരണ റാലികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം

Advertisement
Advertisement