മെലിഞ്ഞുണങ്ങി, നദികൾ, വരും വരൾച്ചയെന്ന് ശാസ്ത്രലോകം

Monday 27 December 2021 12:00 AM IST

കോട്ടയം: മണിമലയാറിന്റെ കരയിലെ മരങ്ങളുടെ തുഞ്ചത്ത് ഇപ്പോഴുമുണ്ട് പ്രളയം അവശേഷിപ്പിച്ച മാലിന്യങ്ങൾ. ആർത്തലച്ചുവന്ന് പ്രളയജലം മണിമലയാറിനെ മൂടിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. എന്നാലിപ്പോൾ കഷ്ടിച്ച് പാദംവരെ മാത്രമേയുള്ളൂ വെള്ളം. രണ്ടാഴ്ച മഴമാറിയപ്പോഴേയ്ക്കും ചൂടുമാത്രമല്ല ഉയർന്നത്,​ മണിമലയാറും മീനച്ചിലാറുമൊക്കെ വറ്റിവരണ്ടു തുടങ്ങി. ഇങ്ങനെ പോയാൽ വരൾച്ച ഉറപ്പെന്ന് പറയുകയാണ് ശാസ്ത്രലോകം.

ഒക്ടോബറിലെ പെരുമഴക്കാലത്ത് നിറഞ്ഞു കവിയുകയും രണ്ടാഴ്ചമുന്നേ വരെ പെയ്ത മഴയിൽ പകുതിയോളവും വെള്ളമുണ്ടായിരുന്ന ആറുകളാണിവ. പക്ഷേ,​ മഴമാറിയതോടെ പുഴകൾ മെലിഞ്ഞു.

കഴിഞ്ഞ രണ്ട് പ്രളയ സമയത്തും നദികളിൽ സമാന അവസ്ഥയായിരുന്നു. കാലവർഷവും തുലാവർഷവും ശക്തമായി പെയ്തിട്ടും പുഴകൾ എന്തേ മെലിഞ്ഞുണങ്ങുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.

 അടിത്തട്ട് കാണാം

ആറ്റിലുണ്ടായിരുന്ന മുഴുവൻ പെയ്ത്ത് വെള്ളവും ഒഴുകിപ്പോയി. പാറക്കെട്ടുകളും പുല്ലും തെളിഞ്ഞു കാണാം. മണിമല പാലത്തിന് സമീപം പാറക്കൂട്ടങ്ങൾ എഴുന്നു നിൽക്കുന്നു. മുൻ വർഷങ്ങളിൽ കൂടുതൽ മഴ ലഭിച്ചിട്ടും നാലു മാസത്തോളം ജില്ല കടുത്ത വരച്ചയെ അഭിമുഖീകരിച്ചിരുന്നു. ശരാശരിയേക്കാൾ 60 മില്ലീമീറ്റർ അധിക മഴയാണ് അന്ന് പെയ്തത്. 2019 കാലവർഷത്തിൽ 13 ശതമാനത്തിന്റെയും തുലാവർഷത്തിൽ 45 ശതമാനത്തിന്റെയും വർദ്ധനയുണ്ടായിട്ടും പുഴകളിലേക്കുള്ള കൈവഴികളിൽ പലതിന്റെയും ഒഴുക്കു നിലച്ചു. ഇക്കുറിയും ജില്ലയിൽ റെക്കാഡ് മഴയാണ് ലഭിച്ചത്.

ഒഴുകി മറയുന്നു, ജലം
 മഴയുള്ളപ്പോൾ വേഗത്തിൽ നിറയുന്ന നദി മഴ മാറുമ്പോൾ വറ്റുന്നു

 പ്രളയത്തിനു ശേഷം അടിഞ്ഞുകൂടിയ പൊടിമണലിൽ വെള്ളം താഴുന്നില്ല

 വീടിന്റെയും സ്ഥാപനങ്ങളുടെയും മുറ്റത്ത് ടൈൽ പാകിയതും പ്രശ്‌നം

'' ഓടപോലെ, വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം മാത്രമായി നദികൾ. തറ അത്രയ്ക്ക് ഉറച്ചുപോയി. ചെളിനിറഞ്ഞിടത്ത് മാത്രമേ വെള്ളം താഴൂ ''

- ഡോ. രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ

Advertisement
Advertisement