ടുട്ടു :കറുത്ത പുഞ്ചിരിയുടെ കരുത്ത്

Monday 27 December 2021 3:11 AM IST

സദാ പുഞ്ചിരിക്കുന്ന കറുത്ത വൈദികൻ. ലോകമെമ്പാടും ആരാധകരും സുഹൃത്തുക്കളും. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരന്റെ ന്യൂനപക്ഷ ഭരണകൂടത്തെ വിറപ്പിച്ച വിപ്ലവകാരി. സ്വന്തം പോരാട്ടത്തിന് രാഷ്‌ട്രീയത്തേക്കാൾ ദൈവശാസ്‌ത്രത്തിന്റെ പരിവേഷം നൽകിയ പുരോഹിതൻ. കറുത്തവന് വിമോചനത്തിന്റെ

ദൈവശാസ്ത്രമുണ്ടെന്ന് പഠിപ്പിച്ച പോരാളി. വർണവെറിക്കെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ നെൽസൺ മണ്ടേലയുടെ വലംകൈ. വർണ വിവേചനാനന്തര ദക്ഷിണാഫ്രിക്കയെ മഴവിൽ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച കാൽപനികൻ.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരോടുള്ള വിവേചനത്തിനെതിരെ 1906ൽ ഗാന്ധിജി സത്യഗ്രഹം നടത്തിയ ട്രാൻസ്‌വാളിലാണ് ഡെസ്‌മണ്ട് എംപിലോ ടുട്ടുവിന്റെ ജനനം.- 1931ൽ. പിതാവിന്റെ പാതയിൽ അദ്ധ്യാപകനായ ടുട്ടു,​ സ്കൂളിൽ വർണവിവേചന നിയമത്തിൽ പ്രതിഷേധിച്ച് ജോലി ഉപേക്ഷിച്ചു. പിന്നെ വൈദിക വൃത്തിയിലേക്ക് . വർണവിവേചനത്തിന്റെ കടുത്ത വിമർശകനായിരുന്ന ആംഗ്ലിക്കൻ ബിഷപ്പ് ട്രെവർ ഹഡിൽസ്റ്റണിനെ പോലുള്ള വെള്ളക്കാരായ പുരോഹിതർ ടുട്ടുവിനെ സ്വാധീനിച്ചു. 1976ൽ ടുട്ടു ലെസോത്തോയിലെ ബിഷപ്പായി. പിന്നെ ജോഹാനസ്ബർഗിലെ അസിസ്റ്റന്റ് ബിഷപ്പും പിന്നെ ബിഷപ്പുമായി. 1977ൽ സൗത്ത് ആഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറിയായി. അതിന് മുമ്പ് 1976ൽ കറുത്തവരുടെ ടൗൺഷിപ്പുകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ടുട്ടു മുൻനിരയിലുണ്ടായിരുന്നു.

ആദ്യം കേപ്ടൗണിലെ ആർച്ച് ബിഷപ്പായപ്പോഴേക്കും കറുത്തവരുടെ ആരാദ്ധ്യ നേതാക്കളിൽ ഒരാളായി മാറിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആംഗ്ലിക്കൻ ചർച്ചിന്റെ മേധാവിയെന്ന നിലയിൽ ടുട്ടു അപ്പാർത്തീഡിനെതിരെ ശക്തമായി പോരാടി. ഭരണകൂടത്തിന്റെ ബൂട്ട് ചവിട്ടാനുള്ള വാതിൽ ചവിട്ടിയാവാൻ തങ്ങൾ തയ്യാറല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വർണവെറിയൻ ഭരണകൂടത്തിനെതിരെ ഉപരോധമേർപ്പെടുത്തണമെന്ന ടുട്ടുവിന്റെ ആഹ്വാനത്തിന് ലോകമെമ്പാടും പിന്തുണ കിട്ടി. 1985ൽ പൊലീസിന്റെ ഒറ്റുകാരനായി സംശയിച്ച് ജനക്കൂട്ടം കഴുത്തിൽ റബ്ബർ ടയറിട്ട് മണ്ണെണ്ണ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഒരാളെ ടുട്ടുവും മറ്റൊരു ബിഷപ്പും ചേർന്ന് സാഹസികമായി രക്ഷിച്ചത് ലോകമെമ്പാടും അദ്ദേഹത്തിന് വീരപരിവേഷം നൽകി.മണ്ടേലയും ടുട്ടുവും ഉൾപ്പെടെയുള്ളവരുടെ പോരാട്ടത്തിന്റെ ഫലമായിരുന്നു വെള്ളക്കാരനായ പ്രസിഡന്റ് എഫ്. ഡബ്ലിയു ഡി ക്ലാർക്കിന്റെ ഭരണപരിഷ്കാരങ്ങൾ. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നിരോധനം നീക്കുകയും മണ്ടേലയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്‌തത് ക്ലാർക്കായിരുന്നു. അധികം താമസിയാതെ ,പുരോഹിതർ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ടുട്ടു വിലക്കി. .

മണ്ടേലയുടെ ആരാധകനായിരുന്നെങ്കിലും അവർ തമ്മിൽ ശക്തമായ വിയോജിപ്പുകളുമുണ്ടായിരുന്നു.

1995ൽ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്നപ്പോൾ അപ്പാർത്തീഡ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കമ്മിഷന്റെ തലവനായി ടുട്ടുവിനെയാണ് നിയമിച്ചത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വെള്ളക്കാരായ മുൻ ഭരണാധികാരികളുടെ മൊഴികൾ കളവാണെന്ന് വ്യക്തമാക്കി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വർണവിവേചന പോരാട്ടത്തിൽ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും തുറന്നടിച്ചു. ഇരുപക്ഷവും അദ്ദേഹത്തിന്റെ റിപ്പോർട്ട് നിരാകരിച്ചു.വർണവിവേചനകാലത്ത് ജനങ്ങൾ അനുഭവിച്ച കൊടിയ യാതനകളുടെ കഥകൾ കേട്ട് അദ്ദേഹം പൊട്ടിക്കര‍ഞ്ഞിട്ടുണ്ട്. വർണവിവേചനാനന്തരം ദക്ഷിണാഫ്രിക്കയിൽ അധികാരത്തിലേറിയ പ്രസിഡന്റ് താബോ എംബക്കിയുടെ എ. എൻ. സി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. കറുത്തവരുടെ രാഷ്‌ട്രീയ നേതൃത്വം സ്വത്ത് കുന്നുകൂട്ടുന്നതായും ജനങ്ങളുടെ ദാരിദ്ര്യം മാറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. വലിയ നേതാവായിരുന്ന ജേക്കബ് സുമയ്ക്കെതിരായ ലൈംഗിക,​ അഴിമതി ആരോപണങ്ങൾ ടുട്ടുവിന്റെ നിശിത വിമർശനത്തിനിടയാക്കി. പ്രസിഡന്റായിരുന്ന റോബർട്ട് മുഗാബെയെ ആഫ്രിക്കൻ ഏകാധിപതിയെന്ന് വിമർശിച്ചു. ടുട്ടുവിനെ പിശാചെന്നാണ് മുഗാബെ തിരിച്ചു വിളിച്ചത്.

ആംഗ്ലിക്കൻ സഭ സ്വവർഗാനുരാഗികളായ വൈദികരെ ബിഷപ്പുമാരായി അവരോധിച്ചപ്പോൾ ദൈവം കരയുന്നു എന്നായിരുന്നു ട്ടുവിന്റെ പ്രതികരണം. പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,​ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചപ്പോഴും ടുട്ടുവിന്റെ പ്രതികരണം ദൈവം കരയുന്നുവെന്നായിരുന്നു...

Advertisement
Advertisement