വീടിന് തീ പിടിച്ചു

Monday 27 December 2021 12:00 AM IST

ആലപ്പുഴ: കൊറ്റംകുളങ്ങരയിൽ വീടിന്​ തീപിടിച്ച് കമ്പ്യൂട്ടറും പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റും കയർഭൂവസ്​ത്രങ്ങളും കത്തിനശിച്ചു. ആലപ്പുഴ കാളാത്ത് പള്ളിയുടെ എതിർവശം കൊറ്റംകുളങ്ങര വാർഡ്​ വെളുത്തേടത്ത്​ ഹൗസ്​ വി.എ. ജോസഫിന്റെ വീട്ടിലാണ്​ തീപിടിത്തമുണ്ടായത്​.

കഴിഞ്ഞ ദിവസം പുലർച്ച 3.45 ഓടെയാണ് സംഭവം. കാർപോർച്ചിനോട്​ ചേർന്നുള്ള കമ്പ്യൂട്ടർ മുറിയിലെ ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്നാണ്​ പ്രാഥമികനിഗമനം. തീയും പുകയും ഉയർന്നതോടെ നടത്തിയ പരിശോധനയിലാണ്​ തീപിടിത്തം തിരിച്ചറിഞ്ഞത്​. ജോസഫും ഭാര്യ ഷീലയും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. കമ്പ്യൂട്ടർ, മോണിറ്റർ, കട്ടിൽ എന്നിവയടക്കം കത്തിനശിച്ചു.

ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു​. 60 കെട്ട്​ ഭൂവസ്​ത്രമാണ് കത്തിനശിച്ചത്. ഇതിന്​ സമീപം സൂക്ഷിച്ചിരുന്ന ജോസഫിന്റെ മകന്റെ ബുള്ളറ്റാണ്​ കത്തിയത്​. ഏകദേശം ആറുലക്ഷത്തോളം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽനിന്ന്​ നാല് യൂണിറ്റ്​ ഫയർഫോഴ്​സ്​ എത്തിയാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. സ്​റ്റേഷൻ ഓഫീസർ പി.ബി. വേണുക്കുട്ടൻ, ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫീസർ എച്ച്​. സതീശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സന്തോഷ്, പി.രതീഷ്, സനു രാജ്, പി.പി. പ്രശാന്ത്, സജീഷ്, സി.കെ.അമൽദേവ്​, സനീഷ് മോൻ, കെ.പി. ചന്ദ്രപ്പൻ, കെ.എസ്​. ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

Advertisement
Advertisement