രാഷ്ട്രപതിയുടെ സന്ദർശന ദിവസത്തെ വൈദ്യുതി മുടക്കവും അന്വേഷിക്കും

Monday 27 December 2021 12:47 AM IST

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്ത് സന്ദർശനം നടത്തിയ ദിവസം നഗരത്തിലെ തിരുമലഭാഗത്ത് ഏറെനേരം വൈദ്യുതി ഇല്ലാതായതിനെക്കുറിച്ച് അന്വേഷിക്കും. തിരുമല കെ.എസ്.ഇ.ബി.സെക്ഷനിലെ അസി.എൻജിനിയർ ഭരണകക്ഷി അനുകൂല സംഘടന നടത്തിയ പ്രകടനത്തിൽ പങ്കെടുക്കാൻ പോയതാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കാലതാമസമുണ്ടാക്കിയതെന്നാണ് ആക്ഷേപം. ഒരു പ്രബല യൂണിയൻ നേതാവിന് മാനേജ്മെന്റ് താക്കീത് മെമ്മോ നൽകിയതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷാനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ വൈദ്യുതിഭവനിൽ വായ് മൂടിക്കെട്ടി പ്രകടനം നടത്തിയത്. രാഷ്ട്രപതി സന്ദർശനം നടത്തുന്ന ദിവസം അവശ്യസേവന വിഭാഗത്തിൽപ്പെട്ട വൈദ്യുതി ജീവനക്കാർ പ്രതിഷേധപ്രകടനവും സമരവും നടത്തുന്നത് സുരക്ഷാവീഴ്ചയാണ്. സംഭവത്തെക്കുറിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി.വിജിലൻസ് വിഭാഗവും സംസ്ഥാനസർക്കാരും അന്വേഷിക്കുന്നത്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം ഇടിച്ചുകയറ്റിയതും പൂജപ്പുരയിലെ പരിപാടിക്കിടെ രാഷ്ട്രപതി ഉപയോഗിച്ച ടോയ്ലറ്റിൽ വെള്ളമില്ലാതിരുന്നതും സുരക്ഷാവീഴ്ചയാണെന്ന് ആക്ഷേപമുയർന്നിരുന്നു. 23നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നി സവിതാകോവിന്ദും തിരുവനന്തപുരത്തെത്തിയത്.

Advertisement
Advertisement