പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾ പുറത്തു പോകേണ്ടെന്ന് താലിബാൻ

Monday 27 December 2021 12:53 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ദീർഘ ദൂര യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള പുതിയ അറിയിപ്പ്. 75 കിലോമീറ്റർ ദൂരത്തിലധികം സഞ്ചരിക്കുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാരില്ലെങ്കിൽ അവരെ യാത്ര ചെയ്യാൻ അനുവദിക്കേണ്ടെന്നാണ് താലിബാൻ സർക്കാരിന്റെ നിർദ്ദേശം. ഇത് കൂടാതെ ഹിജാബ് ധരിക്കാതെ ഒരു കാരണവശാലും സ്ത്രീകൾ പുറത്തിറങ്ങരുതെന്നും താലിബാൻ താക്കീത് നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഹിജാബ് ധരിച്ചിട്ടുണ്ടോ എന്ന് വാഹന ഉടമകളും ഡ്രൈവർമാരും ഉറപ്പ് വരുത്തണമെന്നും താലിബാൻ നിർദ്ദേശം നൽകി. താലിബാൻ മന്ത്രാലയത്തിന്റെ വക്താവ് സദേഖ് ആകിഫ് മുഹാജിറാണ് ഇക്കാര്യം അറിയിച്ചത്. വനിതാ മാദ്ധ്യമപ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണം.

വാഹനങ്ങളിൽ പാട്ടുവയ്ക്കരുതെന്നും പ്രാർത്ഥനാസമയത്ത് ജോലി ചെയ്യുന്നവരെ ജയിലിൽ അടക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് രാജ്യത്തെ പലയിടങ്ങളിൽ നിന്നും വാർത്തകൾ വന്നിരുന്നെങ്കിലും ആദ്യമായാണ് സർക്കാർ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനയിറക്കുന്നത്. നേരത്തേ ടെലിവിഷൻ ചാനലുകളിൽ സ്ത്രീകൾ അഭിനേതാക്കളാകുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് താലിബാൻ സർക്കാർ നിരോധിച്ചിരുന്നു.

അതേ സമയം അഫ്ഗാനിൽ ഭീകരരുമായി അടുത്ത ബന്ധം പുലർത്തുന്നവരും അക്രമ സ്വഭാവമുള്ളതുമായ 2000 ത്തോളം പേരെ പുറത്താക്കിയതായി താലിബാൻ വ്യക്തമാക്കി. ഇക്കാരണത്താൽ വിവിധ പ്രവിശ്യകളിലെ തലവന്മാരെയടക്കം ചുമതലകളിൽ നിന്ന് മാറ്റിയെന്ന് അവകാശപ്പെട്ട താലിബാൻ നേതൃത്വം,​ രാജ്യത്ത് സുഗമമായ ഭരണത്തിന് ഇത്തരം നടപടികൾ ആവശ്യമാണെന്ന് അറിയിച്ചു. പല തവണ താക്കീത് നല്കിയിട്ടും ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചവരെയാണ് പുറത്താക്കിയതെന്നാണ് വിവരം.

താലിബാൻ ഉന്നത നേതാക്കൾക്കുള്ള യാത്രാ ഇളവ് നീട്ടി യു.എൻ

അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിലെ നേതാക്കൾക്കേർപ്പെടുത്തിയ യാത്രാ വിലക്കിൽ 14 പേർക്ക് നൽകിയ ഇളവ് മൂന്നു മാസത്തേക്ക് കൂടി നീട്ടിയതായി യു.എൻ സുരക്ഷാ സമിതി അറിയിച്ചു. അടുത്ത മാസം മാർച്ച് വരെയാണ് ഇളവ് നീട്ടി നല്കിയിരിക്കുന്നത്. താലിബാൻ സർക്കാറിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബറാദർ, വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി അടക്കമുള്ളവർക്കാണ് യാത്രാ ഇളവ് നല്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന സമാധാന, നയതന്ത്ര ചർച്ചകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായുള്ള യാത്രകൾക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വ്യക്തിഗത യാത്രകൾക്കുള്ള അനുമതി ഉപാധികളോടെ മാത്രമായിരിക്കും.

യു.എൻ സുരക്ഷാസമിതിയുടെ തീരുമാനത്തെ താലിബാൻ സർക്കാർ സ്വാഗതം ചെയ്തു.

അഫ്ഗാൻ ജനതയ്ക്ക് ധനസഹായം പ്രഖ്യാപിച്ച് ഐക്യ രാഷ്ട്ര സംഘടന

അഫ്ഗാനിസ്ഥാന് 8 ബില്ല്യൺ ഡോളറിന്റെ ധന സഹായം പ്രഖ്യാപിച്ച് ഐക്യ രാഷ്ട്ര സംഘടന. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.സാമ്പത്തിക സഹായം നല്കുന്നതിലൂടെ കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾ നികത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതിനിധി റാമിസ് അലക്ബറോവ് പറഞ്ഞു. ഇതു കൂടാതെ അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർക്ക് വേതനം നൽകുന്നതിനായി അടുത്ത വർഷം 3.6 ബില്യൺ ഡോളർ സഹായം നൽകുന്ന കാര്യവും ഐക്യരാഷ്ട്ര സംഘടനയുടെ പരിഗണനയിലുണ്ട്.

Advertisement
Advertisement