മ്യാൻമറിൽ 30 പേരെ സൈന്യം വെടിവച്ചു കൊലപ്പെടുത്തി

Monday 27 December 2021 2:10 AM IST

നായ്പിഡാവ്: മ്യാന്മറിൽ സൈന്യം മുപ്പതോളം പേരെ വെടിവെച്ച് കൊന്ന് മൃതദേഹം കത്തിച്ചെന്ന് റിപ്പോർട്ട്. രാജ്യത്തെ സംഘർഷ ബാധിത പ്രദേശമായ കായാ മേഖലയിൽ നിന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30ലധികം പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിന് സമീപത്ത് നിന്നാണ് ഈ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കരേന്നി മനുഷ്യാവകാശ സംഘടന അറിയിച്ചു. സൈന്യത്തിന്റെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നരനായാട്ടിനെ ശക്തമായ അപലപിക്കുന്നതായി സംഘടനയുടെ ഫേസ് ബുക്കിൽ കുറിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കൊലപ്പെടുത്തിയത് കലാപകാരികളെയാണെന്ന വിശദീകരണവുമായി സൈനിക ഭരണകൂടം രംഗത്തെത്തി. ഏഴു വാഹനങ്ങളിൽ ആയുധങ്ങളുമായെത്തിയ സംഘം സൈന്യം മുന്നറിയിപ്പ് നല്കിയിട്ടും നിറുത്താതെ പോകുകയായിരുന്നുവെന്നും അതിനാലാണ് വെടിവച്ചതെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേ സമയം കൊല്ലപ്പെട്ടവരിൽ തങ്ങളുടെ അംഗങ്ങളില്ലെന്ന് സൈന്യത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കരേന്നി നാഷണാലിറ്റീസ് ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി.

വിവിധ പ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ട് അഭയാർത്ഥികളായി കഴിയുന്നവരുടെ മൃതശരീരങ്ങളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്ന് കരേന്നി മനുഷ്യാവകാശ സംഘടനയും അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ സൈന്യത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.


Advertisement
Advertisement