മോഹൻലാലിന്റെ ബറോസിൽ ഗുരുസോമസുന്ദരം

Tuesday 28 December 2021 4:30 AM IST

മിന്നൽ മുരളിയിൽ ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ തമിഴ് നടൻ ഗുരുസോമസുന്ദരം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ നിർണായക വേഷത്തിൽ എത്തുന്നു. ചിത്രീകരണം പുനരാരംഭിച്ച ബറോസിൽ അടുത്തദിവസം ഗുരുസോമസുന്ദരം ജോയിൻ ചെയ്യും. 2011ൽ സംവിധായകൻ ത്യാഗരാജൻ കുമാരരാജയുടെ ആരണ്യകാണ്ഡത്തിലൂടെയാണ് ഗുരുസോമസുന്ദരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2016 ൽ റിലീസ് ചെയ്ത തമിഴ് ചിത്രം ജോക്കറിലെ പ്രകടനം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സൂര്യയുടെ ജയ് ഭീമിൽ പബ്ളിക് പ്രോസിക്യൂട്ടർ ചെല്ലപാണ്ഡ്യനെ അവതരിപ്പിച്ചാണ് ഗുരുസോമസുന്ദരം വിസ്മയിപ്പിച്ചത്. മാമനിതൻ, ഇന്ത്യൻ 2, പരമഗുരു എന്നിവയാണ് തമിഴിലെ പുതിയ പ്രോജക്ടുകൾ. അമൽനീരദിന്റെ അഞ്ച് സുന്ദരികളിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ആസിഫ് അലിയുടെ കോഹിന്നൂർ ആണ് ഗുരുസോമസുന്ദരത്തിന്റെ മറ്റൊരു ചിത്രം. ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചട്ടമ്പിയാണ് മലയാളത്തിൽ അവസാനം അഭിനയിച്ച് പൂർത്തിയാക്കിയത്.

Advertisement
Advertisement