ഗവർണർ വീട്ടിൽ വന്നു പോയി, 14,000 രൂപയുടെ ബില്ല് കണ്ട് ഞെട്ടി വീട്ടുടമ

Tuesday 28 December 2021 1:47 AM IST

ഭോപ്പാൽ: ഗവർണർ വീട് സന്ദർശിച്ചതിന് പാരിതോഷികമായി ബുധ്റാമിന് ലഭിച്ചത് 14,000 രൂപയുടെ ബില്ല് .

മദ്ധ്യപ്രദേശിലെ വിദിഷയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് സർക്കാർ ബുധ്റാം ആദിവാസിക്ക് വീട് നിർമ്മിച്ച് നൽകിയത്. ആഗസ്റ്റിൽ മദ്ധ്യപ്രദേശ് ഗവർണർ മംഗുഭായ് സി.പട്ടേലും സംഘവും ബുധ്റാമിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അതിഥിയായി എത്തി. ഗവർണർ തന്റെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷത്തിലായിരുന്ന ബുധ്റാമിപ്പോൾ ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ്!. വീടിന്റെ താക്കോൽ കൈമാറിയ ശേഷം ബുധ്റാമിനും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് ഗവർണർ തിരികെ പോയത്. ഇതിന് പിന്നാലെയാണ് അധികൃതർ ബുധ്റാമിന് ബിൽ നല്‍കിയത്.

ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി ഉദ്യോഗസ്ഥർ വീടും പരിസരവും മോടിപിടിപ്പിച്ചു. ഇതിന്റെ ഭാഗമായി പുതിയ അലങ്കാര ഗേറ്റും ഫാനുകളും സ്ഥാപിച്ചു. എന്നാൽ, ഗവർണറുടെ സന്ദർശനത്തിന് തൊട്ടടുത്ത ദിവസം പഞ്ചായത്ത് അംഗങ്ങളെത്തി ഫാൻ എടുത്തുകൊണ്ടുപോയി. ഒപ്പം ഗേറ്റിന് ചെലവായ 14,000 രൂപ അടയ്ക്കണമെന്ന് കാട്ടി ബിൽ നൽകുകയായിരുന്നു.

അധികൃതർ തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും പണം കൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഗേറ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലായിരുന്നുവെന്നും ബുധ്റാം പറയുന്നു. അതേ സമയം, സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരവികസനവകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് അറിയിച്ചു. ബുധ്റാമിന്റെ പുതിയ വീട്ടിൽ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്‌ഷൻ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും വീടിന്റെ പണി പൂർത്തിയാകാത്തതിനാൽ ആറുമാസം കഴിഞ്ഞിട്ടും ഇത് വരെ ലഭിച്ചിട്ടില്ല.

Advertisement
Advertisement