കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത്

Tuesday 28 December 2021 1:09 AM IST

തിരുവനന്തപുരം: ദേശീയ ജലപാതയോട് അനുബന്ധിച്ച് പാർവതി പുത്തനാറിനു കുറുകെ കരിക്കകത്ത് ലിഫ്റ്റ് ബ്രിഡ്ജ് നിർമിക്കും.ദേശീയജലപാത യാഥാർത്ഥ്യമാകുമ്പോൾ ബോട്ടുകളുടെ സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്നതാണ് ബ്രിഡ്ജ്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ബ്രിഡ്ജാണ് കരിക്കകത്ത് നിർമ്മിക്കുക. 2.8 കോടി രൂപ ചെലവഴിച്ചാണ് 4.5 മീറ്റർ വീതിയിൽ ലിഫ്റ്റ് ബ്രിഡ്ജ് നിർമിക്കുന്നത്. 2022 മേയിൽ പാലം നിർമ്മാണം പൂർത്തീകരിക്കും. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവലോകനയോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നു. പാലം നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള താത്കാലിക നടപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ താത്കാലിക പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നും പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലത്തിന്റെ നിർമ്മാണം ജനുവരി 10ന് ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് നിർമിക്കുന്ന പാലത്തിന്റെ നിർവഹണ ഏജൻസി പൊതുമേഖലാ സ്ഥാപനമായ കെൽ ആണ്. ലിഫ്റ്റ് ബ്രിഡ്ജിനോട് അനുബന്ധിച്ച് ഓപ്പറേറ്റിംഗ് റൂമും 100 കെ.വി ഡിജിറ്റൽ ജനറേറ്റർ സെറ്റും ഉണ്ടാവും.

Advertisement
Advertisement