അമേരിക്കയിൽ കുട്ടികളിലെ കൊവിഡ് ബാധ വർദ്ധിക്കുന്നു

Tuesday 28 December 2021 1:18 AM IST

ന്യൂയോർക്ക്: യു.എസിൽ ഒമിക്രോൺ പടർന്നു പിടിക്കുന്നതിനിടെ ന്യൂയോർക്കിൽ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് ആശങ്കയുയർത്തുന്നു. കൊവിഡ് ബാധിതരായ കൂടുതൽ കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത് അപായ സൂചനയാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഡിസംബർ ആദ്യ ആഴ്ച മുതലുള്ള കണക്ക് പരിശോധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസിൽ താഴെയുള്ളവരുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് നാലു മടങ്ങ് കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിൽ പകുതിയോളം പേർ 5 വയസിൽ താഴെയുള്ളവരാണ്.

അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 1.90 ലക്ഷം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ക്രിസ്മസ് ,​ പുതുവത്സരാഘോഷങ്ങൾ മൂലവും രാജ്യത്ത് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതാണ് രാജ്യം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും പരിശോധനകൾ വർദ്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും യു.എസിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ ഡോ. ആന്റണി ഫൗചി അറിയിച്ചു. ഒമിക്രോണിന്റെ വ്യാപനശേഷിയും ശൈത്യകാലവും കണക്കിലെടുത്താൽ കാര്യങ്ങൾ നിയന്ത്രണാതീതമാകാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും ഫൗചി പറഞ്ഞു.അതേ സമയം മറ്റു രാജ്യങ്ങളിൽ നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ച് ഒമിക്രോൺ ബാധിച്ചാൽ കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുന്നില്ലെന്നാണ് കാണാൻ കഴിയുന്നതെന്നും ഫൗച്ചി കൂട്ടിച്ചേർത്തു. നിലവിൽ യു.എസിൽ ഹോം കൊവിഡ് വൈറസ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം ഗുരുതരമായ പ്രതിസന്ധിയാണ്. ഇതിന് പരിഹാരമായി 500 ദശലക്ഷം കൊവിഡ് പരിശോധന കിറ്റുകൾ എത്രയും പെട്ടെന്ന് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്.

യു.എസിൽ കൊവിഡ് രോഗിയുടെ മരണാനന്തര ചടങ്ങുകൾക്ക് 9000 ഡോളർ ധനസഹായം

യു.എസിൽ കൊവിഡ് മൂലം മരണമടയുന്നവരുടെ സംസ്‌കാര ചടങ്ങുകൾക്ക് 9000 ഡോളർ വരെ ധനസഹായം നല്കുമെന്ന് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.
അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ച 2020 ജനുവരി 20 ന് ശേഷം രോഗം ബാധിച്ചു മരിച്ചവർക്കാണ് ധനസഹായം ലഭിക്കുക. ഡിസംബർ 6 വരെ 226,000 പേർക്ക് 1.5 ബില്യൻ ഡോളറാണ് ഫ്യൂണറൽ കോസ്റ്റായി ഇതുവരെ നൽകിയിരിക്കുന്നതെന്ന് ഏജൻസി അറിയിച്ചു. എന്നാൽ ഇപ്പോഴും പലരും ഈ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നോർത്ത് കരോളിനായിലാണ് ഏറ്റവും കൂടുതൽ പേർ ഇതിന്റെ ആനുകൂല്യം നേടിയിരിക്കുന്നത് . 40 ശതമാനം. കാലിഫോർണിയ, ടെക്സസ് ,​ഒറിഗൺ, എന്നിവിടങ്ങളിൽ 21000 പേർക്ക് സംസ്‌കാര ചടങ്ങുകളുടെ ചെലവുകൾ നൽകിയിട്ടുണ്ട്.

Advertisement
Advertisement