ശുചിത്വം മറന്ന് തട്ടുകടകൾ, ക്ലീൻ സ്ട്രീറ്റ് ഫുഡ് നിലച്ചു

Tuesday 28 December 2021 1:23 AM IST

ആലപ്പുഴ: തട്ടുകടകൾ നവീകരിക്കാനും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കി വിൽക്കുന്നത് ഒഴിവാക്കാനും ആരംഭിച്ച ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് പൂട്ടുവീണു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി കൊവിഡിനെ തുടർന്നാണ് നിലച്ചത്.

ഭൗതികാന്തരീക്ഷം മോശമാണെങ്കിലും രുചിയേറിയ ഭക്ഷണം ചൂടോടെ കിട്ടുമെന്നതാണ് ഭക്ഷണപ്രേമികളെ തട്ടുകടകളിലേക്ക് ആകർഷിക്കുന്നത്. 100 ശതമാനം ശുചിത്വമായിരുന്നു പദ്ധതിയുടെ മുഖ്യആകർഷണം. ഇതിനായി ജില്ലയിൽ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത് ആലപ്പുഴ ബീച്ചായിരുന്നു. 47 കടകളാണ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. ഐസ്‌ക്രീം കച്ചവടക്കാരും ഇതിൽ ഉൾപ്പെടും.

ഭക്ഷ്യ സുരക്ഷാ വകുപ്പിനോടൊപ്പം ഡി.ടി.പി.സിയുടെയും പോർട്ട് ഓഫീസിന്റെയും സഹകരണവും പദ്ധതിക്കുണ്ടായിരുന്നു. എന്നാൽ കൊവിഡിൽ സന്ദർശക - കച്ചവട വിലക്കുകൾ പദ്ധതി അവതാളത്തിലാക്കി. സ‌ഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങിയെങ്കിലും പദ്ധതി പുനരാരംഭിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. പോർട്ട് ഓഫീസിന്റെ അധീനതയിലാണ് ബീച്ചിൽ നിലവിൽ തട്ടുകടകൾ പ്രവർത്തിക്കുന്നത്. നവീകരണത്തിന് തുക മുടക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്.

കൊവിഡിൽ കാലിടറി നവീകരണ പദ്ധതി

1. തട്ടുകടകൾക്ക് പൈപ്പ് കണക്ഷൻ

2. കൈ കഴുകാനുള്ള വാഷ്‌ബേസിൻ

3. മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ

4. തട്ടുകടകളുടെ ചുറ്റുപാടും മികച്ചതാക്കൽ

5. ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഏപ്രിൻ, ഹെഡ് മാസ്‌ക് ഡ്രസ് കോഡ്

6. പാചകക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കൽ

''''

തട്ടുകടകൾക്ക് അംഗീകൃത നിലവാരവും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണവും ഉറപ്പാക്കുകയാണ് ക്ലീൻ സ്ട്രീറ്റ് ഫുഡിന്റെ ലക്ഷ്യം. എന്നാൽ കൊവിഡിൽ പദ്ധതി പൂർത്തിയാക്കാനായില്ല. കേരളത്തിൽ നാല് ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. തട്ടുകടകളുടെ വിവരങ്ങൾ ശേഖരിച്ചു. പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതിനായി വാട്ടർ അതോറിട്ടിക്ക് അപേക്ഷ നൽകി മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് കൊവിഡ് വ്യാപിച്ചത്.

ഫുഡ് സേഫ്ടി ഓഫീസ് അധികൃതർ

Advertisement
Advertisement