ഒമാനിൽ തൊഴിലിടങ്ങളിൽ വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം

Tuesday 28 December 2021 1:24 AM IST

മസ്കറ്റ് : ഒമാനിൽ ഇനി മുതൽ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി സുപ്രീം കമ്മിറ്റി.രാജ്യത്ത് കൊവിഡ് ബാധിതരുടെ നിരക്കുയരുന്നുണ്ടെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് 95,277 പേർ ഇതുവരെ ബൂസ്റ്റർ ഡോസ് എടുത്തു കഴിഞ്ഞു. മൂന്നാം ഡോസ് നിർബന്ധമാക്കണമെന്ന ഉദ്ദേശം നിലവിൽ ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു.സർക്കാർ -സ്വകാര്യ മേഖലയിലെ തൊഴിടങ്ങളിലെത്തുന്ന ജീവനക്കാർ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കുലർ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.വാക്സിൻ എടുക്കാൻ ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

രാജ്യത്ത് 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്രി പറഞ്ഞു. ഇതിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 10 ശതമാനം പൗരന്മാർ ഇതുവരെ രണ്ടാം ഡോസും നാല് ശതമാനം പേർ ആദ്യ ഡോസ് പോലും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണ്. അതിനാൽ ഇതുവരെ വാക്സിനെടുക്കാത്ത എല്ലാവരും വാക്സിനെടുത്ത് സുരക്ഷിതരാവണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

Advertisement
Advertisement