തലയിൽ തല കുത്തി നിന്ന് പടി കയറ്റം ലോകറെക്കാഡ് നേടി സഹോദരങ്ങൾ

Tuesday 28 December 2021 1:32 AM IST

ഹനോയി : തലയിൽ തലകുത്തിനിന്ന് 100 പടികൾ നടന്നു കയറി ലോകറെക്കാ‌ഡ് സ്വന്തമാക്കി വിയറ്റ്നാമീസ് സഹോദരൻമാർ. 53 സെക്കന്റുകൊണ്ടാണ് 37കാരനായ ജിയാങ് ക്വോക് കോയും 32കാരനായ ജിയാങ് ക്വോക് എൻഗിപ്പുമാണ് 100 പടികൾ ചവിട്ടിക്കയറി ചരിത്രം സൃഷ്ടിച്ചത്. ഈ മാസം 23 ന് സ്‌പെയിനിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു ഇരുവരുടേയും സാഹസിക അഭ്യാസം. ഒരാളുടെ തലയിൽ മറ്റൊരാൾ തലകുത്തിനിന്നശേഷം കൈകളും കാലുകളും ബാലൻസ് ചെയ്യും. ഇതേ സമയം നിലത്തുനിൽക്കുന്ന ആൾ പടികൾ കയറും. സർക്കസുകാരായ ഇരുവരും 2016ൽ ഇതേ റെക്കാഡ് സ്വന്തമായിരുന്നു. അന്ന് 90 പടികൾ 52സെക്കന്റുകൊണ്ടാണ് ഇരുവരും താണ്ടിയത്. എന്നാൽ പിന്നീട് 2018 ൽ പെറുവിയിൻ അക്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയൽ യെയ്‌കേറ്റ് സാവേന്ദ്രയും ഇത് തിരുത്തിക്കുറിച്ചിരുന്നു. ഈ വർഷത്തെ മികച്ച പ്രകടനത്തിലൂടെ വിയറ്റ്നാം സഹോദരൻമാർ വീണ്ടും റെക്കാഡ് സ്വന്തമാക്കി.

90 പടികളുള്ള കത്തീഡ്രലിന് ഇരുവരുടേയും അഭ്യാസപ്രകടനത്തിന് മുൻപായി 10 പടികൾ കൂടി ചേർക്കുകയായിരുന്നു.പുതിയ പടികൾ നിർമ്മിക്കാനുപയോഗിച്ച വസ്തുക്കളും പടികളുടെ ഉയരവും വ്യത്യസ്തമായതിനാൽ കുറച്ച് പ്രയാസം നേരിടേണ്ടി വരുമെന്ന് ഇരുവരും പറഞ്ഞു.

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഠിനപരിശീലനത്തിന് ഫലം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

Advertisement
Advertisement