നാഗാലാൻഡ് വെടിവെയ്പ് : അന്വേഷണം വൈകുന്നതിൽ ആശങ്ക

Wednesday 29 December 2021 1:39 AM IST

കൊഹിമ : നാഗാലാൻഡ് വെടിവയ്പ് നടന്ന് ഒരു മാസമാകാറായിട്ടും അന്വേഷണം വൈകുന്നതിൽ ആശങ്ക പ്രകടപ്പിച്ച് കോന്യക് യൂണിയൻ, കോന്യാക് ന്യൂപ ഷെകോ കോംഗ്, കോന്യാക് സ്റ്റുഡന്റ്സ് യൂണിയൻ എന്നീ സംഘടനകൾ സംയുക്ത പ്രസ്താവനയിറക്കി.അന്വേഷണം വൈകുന്നത് നീതി നിഷേധമാണെന്ന് സംഘടനകൾപ്രതികരിച്ചു. സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന വിവാദ നിയമമായ അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രം കഴിഞ്ഞാഴ്ച ഒരു സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് സംഘടനകളുടെ പ്രതികരണം.

ഇനിയും വൈകിയാൽ തുടർ നടപടി സ്വീകരിക്കുന്നതിനായി ജനുവരി 18ന് കോന്യാക് ഉച്ചകോടി സംഘടിപ്പിക്കുമെന്നും കേന്ദ്രത്തിന് ജനുവരി 10വരെ സമയം നൽകുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അഫ്സ്പ പുനഃപരിശോധിക്കാൻ സമിതി രൂപീകരിച്ചത് സ്വാഗതം ചെയ്യുന്നു. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന നിർണായക കൂടിക്കാഴ്ചയിൽ തങ്ങളെ ഭാഗമാക്കിയില്ലെന്നും തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ വിശ്രമിക്കില്ലെന്നും കോന്യാക് യൂണിയൻ പ്രതികരിച്ചു.

Advertisement
Advertisement