സമരം ശക്തമാക്കി ഡോക്ടർമാർ കേസെടുത്ത് പൊലീസ്

Wednesday 29 December 2021 2:36 AM IST

ന്യൂഡൽഹി : നീറ്റ് - പി.ജി അലോട്ട്മെന്റ് വൈകുന്നതിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി റഡിഡന്റ് ഡോക്‌ടർമാർ. 24 മണിക്കൂറിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ന് മുതൽ എയിംസിലടക്കം അത്യാഹിത വിഭാഗങ്ങളിലൊഴികെ ഡ്യൂട്ടി ബഹിഷ്ക്കരിക്കും.

ഇന്നലെയും സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ ഡോകടർമാരെ പൊലീസ് തടഞ്ഞു. തിങ്കളാഴ്‌ചത്തെ സുപ്രീം കോടതി മാർച്ചിൽ പങ്കെടുത്ത ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. മാർച്ചിനിടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു.

ഇന്ന് മുതൽ അത്യാഹിത വിഭാഗം ഒഴികെ എല്ലാം ബഹിഷ്‌കരിക്കുമെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.

ഡോക്‌ടർമാരെ പൊലീസുകാർ ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി 8 മണിക്ക് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഡോക്ടർമാർ മാർച്ച് നടത്തി. തുടർന്ന് മുന്നൂറോളം ഡോക്ടർമാർ സരോജിനി നഗർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായെത്തി. പൊലീസ് നീക്കാൻ ശ്രമിച്ചതോടെ ദേശീയഗാനം ആലപിച്ച ശേഷം സ്വയം പിരിഞ്ഞ് പോകുകയായിരുന്നു.

ഒൻപത് ദിവസമായി ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് സമരം തുടരുകയാണ് ഡോക്‌ടർമാർ. ജോലിഭാരം കൂടുന്നതിനു പുറമെ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതിനാൽ പി.ജി കൗൺസിലിംഗ് വൈകുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാരുടെ വാദം. റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, സഫ്ദർജംഗ് ആശുപത്രി എന്നിവിടങ്ങളിലെ ഡോക്‌ടർമാരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഈ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് കൗൺസലിംഗ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനാൽ ഇടപെടാനാവില്ലെന്നതാണ് സർക്കാർ നിലപാട്.

Advertisement
Advertisement