ക്രിപ്റ്റോ കറൻസി തട്ടിപ്പ്:കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ

Tuesday 28 December 2021 11:39 PM IST
മുഹമ്മദ് റനീഷ്

കണ്ണൂർ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ കണ്ണൂർ ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെ (33) കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി.പി.സദാനന്ദൻ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി.

എൽ.ആർ ട്രേഡിംഗ് എന്ന സ്ഥാപനം മോറിസ് കോയിൻ വാഗ്ദാനം നൽകി 1265 കോടി പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണി ചെയിൻ മാതൃകയിൽ തട്ടിപ്പ് നടത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിച്ച 36 കോടി രൂപ പൊലീസ് ഇടപെട്ട് മരവിപ്പിച്ചു. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധനനിയമ പ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടും. അതിനായി ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി.

തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച നടപ്പാക്കിയതിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദാണ്. മലപ്പുറത്ത് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്ത ഇയാൾ സൗദി അറേബ്യയിലേക്ക് കടന്നതായാണ് സൂചന. കണ്ണൂർ സിറ്റിയിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ മുഴുവൻ ആളുകളെയും തിരിച്ചറിഞ്ഞത്. അമ്പത് കോടിക്ക് മുകളിൽ പിരിച്ചെടുത്ത നാലുപേരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി ഇന്നലെ വിവിധ ജില്ലകളിൽ പരിശോധന നടന്നിരുന്നു. അക്കൗണ്ടിംഗ് , സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Advertisement
Advertisement