പകലുമാകാം ചില നിയന്ത്രണങ്ങൾ

Wednesday 29 December 2021 3:03 AM IST

പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് വ്യാഴാഴ്ച മുതൽ നാലുദിവസം സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിന്റെയും ആശങ്ക ഉയർത്തുന്ന ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ ഇത്തരത്തിലൊരു നിയന്ത്രണം ആവശ്യം തന്നെ. ആളുകൾ സ്വയം നിയന്ത്രണം പാലിക്കാൻ മടി കാണിക്കുമ്പോൾ ഭരണകൂടത്തിന് ഇടപെടേണ്ടിവരികതന്നെ ചെയ്യും. പുതുവർഷത്തലേന്ന് രാത്രി പത്തുമണിക്കുതന്നെ ആഘോഷം അവസാനിപ്പിക്കേണ്ടിവരുന്നത് പലർക്കും ഇച്ഛാഭംഗത്തിനു കാരണമായേക്കാമെങ്കിലും സർക്കാർ നടപടിയെ കുറ്റം പറയാനാകില്ല. സമൂഹത്തെയാകമാനം ഇപ്പോഴും മുൾമുനയിൽ നിറുത്തുന്ന മഹാമാരി ഭീഷണി പൂർണമായും ഒഴിയുന്നതു വരെ ഇതുപോലുള്ള നിയന്ത്രണങ്ങൾ അനിവാര്യമായിവരും. രാത്രി 10 മണിമുതൽ വെളുപ്പിന് അഞ്ചുമണിവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് പറയത്തക്ക നേട്ടമുണ്ടാകുമോ എന്ന സന്ദേഹം ഉയരാവുന്നതാണ്. കടകളും വ്യാപാരസ്ഥാപനങ്ങളും രാത്രി 10 മണിക്ക് അടയ്ക്കണമെന്നാണ് നിർദ്ദേശം.

ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുക എന്നതാണ് പ്രധാനം. സംസ്ഥാനത്ത് അത് എവിടെയെങ്കിലും പാലിക്കുന്നതായി കാണുന്നില്ല. കൊവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് പൂർണമായും എത്തിയ പ്രതീതിയാണ് . രാജ്യത്ത് എവിടെയും സ്ഥിതി ഇതാണ്. പലസംസ്ഥാനങ്ങളിലും നേരത്തെതന്നെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ആൾക്കൂട്ടം അനിയന്ത്രിതമാകുന്നത് കൊവിഡിന്റെ പുതുവകഭേദമായ ഒമിക്രോൺ പടരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി അറുന്നൂറോളം പേരെ ഒമിക്രോൺ ബാധിച്ചുകഴിഞ്ഞു. പരിഷ്കൃത രാജ്യങ്ങളിലെ അനുഭവം നമുക്കും പാഠമാകേണ്ടതാണ്. രാത്രി 10 വരെ യഥേഷ്ടം ആളുകളെ തുറന്നുവിട്ടിട്ട് 10 മുതൽ നിയന്ത്രണമേർപ്പെടുത്തിയതുകൊണ്ട് എന്തുകിട്ടാനാണ് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. സാധാരണ ജനജീവിതത്തെ ഭംഗപ്പെടുത്താത്ത തരത്തിലുള്ള നിയന്ത്രണങ്ങൾ പകൽ നേരത്തും തുടരേണ്ടതുണ്ട്.

ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്നു പറയുന്നതുപോലെ ഏത് ആഘോഷവും പൂർണമാകുന്നത് സമൂഹത്തിന് മൊത്തത്തിൽ അതിൽ പങ്കുചേരാനുള്ള അവസരം ലഭിക്കുമ്പോഴാണ്.

കൊവിഡ് സൃഷ്ടിച്ച കെടുതികളിൽ നിന്ന് വലിയ വിഭാഗം ആളുകൾ ഇതുവരെ മോചിതരായിട്ടില്ല. തൊഴിൽ നഷ്ടമായ ലക്ഷക്കണക്കിനുപേർ ദുരിതത്തിലാണ്. കൂലിയും വരുമാനവും നഷ്ടപ്പെട്ട് അനവധി കുടുംബങ്ങൾ ചുറ്റിലുമുണ്ട്. മതിമറന്ന് ആഘോഷിക്കാൻ സമയമായില്ലെന്ന് ഓർമ്മിപ്പിക്കുന്ന ദുഃഖകരമായ യാഥാർത്ഥ്യങ്ങൾ ഒട്ടേറെയുണ്ട് മുന്നിൽ.

പത്തുലക്ഷത്തിലേറെ കുട്ടികൾ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി പത്തും പന്ത്രണ്ടും ക്ലാസുകളിലെ വാർഷികപരീക്ഷ എഴുതാൻ തയ്യാറായി നിൽക്കുകയാണ്. വിദ്യാഭ്യാസത്തിലെ വഴിത്തിരിവിനുള്ള പരീക്ഷകളാണിവ. പതിനഞ്ചിനും പതിനെട്ടിനുമിടയ്ക്ക് പ്രായമുള്ളവർക്കും കൊവിഡ് പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കാൻ നടപടിയായത് ആശ്വാസകരമാണ്. എന്നിരുന്നാലും ആദ്യനാളുകളിലെ കരുതലും ജാഗ്രതയും അതേപടി പിന്തുടരാൻ പ്രേരിപ്പിക്കുന്നതാണ് സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ. കൊവിഡിന്റെ പുതിയ അവതാരമായ ഒമിക്രോൺ വരുതിയിലാകാതെ തൊട്ടുമുന്നിൽതന്നെയുണ്ടെന്ന കാര്യം മറന്നുകൂട. കൊവിഡ് വാക്സിൻ സ്വീകരിച്ചാലും ഒമിക്രോൺ പിടിപെടാനുള്ള സാദ്ധ്യത ഒട്ടും കുറവല്ലെന്നാണ് ഇതിനകം നടന്ന പഠനങ്ങൾ. രോഗബാധിതരിൽ അൻപതുശതമാനവും വാക്സിൻ സ്വീകരിച്ചവരാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഹയർ സെക്കണ്ടറി പരീക്ഷകൾക്കു പുറമെ സർവകലാശാലാപരീക്ഷകളുടെ സമയവും അടുത്തുവരികയാണ്. പരീക്ഷകളുടെ താളം തെറ്റാതിരിക്കാൻ പൊതു സമൂഹത്തിന്റെ ജാഗ്രത അത്യന്താപേക്ഷിതമാണ്.

Advertisement
Advertisement