ഞാൻ ഫുൾ പ്രണയത്തിൽ
നായിക തിളക്കത്തിൽ വിൻസി അലോഷ്യസ്
പൊന്നാനി കടപ്പുറത്ത് എപ്പോഴും തിരയുടെ ഒാളം. വിൻസി അലോഷ്യസിനെ കാണുമ്പോൾ പൊന്നാനിയിൽ ഒരു ഒാളവുമില്ല ! നാട്ടിലെ കുട്ടി പോകുന്നു എന്ന മട്ടിൽ ഒന്നുനോക്കും. വലിയ ഒരു നടി, അമ്പോ എന്ന സംഭവങ്ങളൊന്നുമില്ല. വികൃതിയും , കനകം കാമിനി കലഹവും എത്തിയപ്പോഴും പൊന്നാനി മാത്രം അത്ര അറിഞ്ഞില്ല. ഭീമന്റെ വഴി ഇറങ്ങിയപ്പോൾ സീൻ മാറി. പുതുവർഷത്തിൽ സീൻ ഇനിയും മാറും. റിയാലിറ്റി ഷോയിൽ സൂപ്പർ സ്റ്റാറായി വിലസിയ വിൻസി അലോഷ്യസ് സിനിമയിൽ രസകരമായ അഭിനയം കൊണ്ടും നിഷ്കളങ്കമായ സംസാരം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടി നടത്തുന്ന യാത്രയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
സ്വഭാവം മാറ്റി സിനിമ
സിനിമയും റിയാലിറ്റി ഷോയും ജീവിതത്തിൽ ഭയങ്കര മാറ്റം വരുത്തി. ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ജീവിതത്തിൽ സന്തോഷം ഉൾപ്പെടെ കുറെ കാര്യങ്ങൾ സംഭവിച്ചു. എന്റെ സ്വഭാവം തന്നെ സിനിമ മാറ്റി . ചിന്തകൾ, കാഴ്ചപ്പാടുകൾ എല്ലാം മാറി. അഭിനയത്തിൽ മാത്രമല്ല, സിനിമയെ സമീപിക്കുന്ന രീതിയും മാറി. വിഷമങ്ങൾ ഉണ്ടാകാതെ മനോഹരമായ വളർച്ച സംഭവിച്ചു എന്ന് തിരിച്ചറിയാൻ സാധിച്ചു. പല ആളുകളെ പരിചയപ്പെട്ടു. പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിൽ സഹായിച്ചുകൊണ്ടേയിരിക്കുന്നു. സിനിമ എന്നെ വളർത്തുകയേ ചെയ്തിട്ടുള്ളു. 'നായിക നായകൻ" റിയാലിറ്റി ഷോ കഴിഞ്ഞു ലാൽജോസ് സാറിന്റെ സിനിമയാണ് ആദ്യം സംഭവിക്കേണ്ടിയിരുന്നത്. എന്നാൽ പല കാരണത്താൽ വൈകി. ആസമയത്ത് വിഷമം തോന്നി. എന്നിൽ നിന്ന് എന്തുപോകുന്നു അത് നല്ലതിന്. എന്തു എന്നിലേക്ക് വരുന്നു അതും നല്ലതിന്. മറ്റു സിനിമകളിൽ നിന്ന് വിളിവന്നു. ലാൽജോസ് സാറിന്റെ അനുവാദം തേടിയശേഷം കാമറയുടെ മുന്നിൽ.
നായികയാകാൻ സൗന്ദര്യമില്ല
വികൃതി ആണ് ആദ്യ സിനിമ. ഒ.ടി.ടി റിലീസായി എത്തിയ കനകം കാമിനി കലഹം രണ്ടാമത്തെ സിനിമയും. ഭീമന്റെ വഴിയിൽ എത്തി നിൽക്കുന്നു. എമിലി എന്ന വെബ് സീരിസിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോയവർഷം ഗംഭീരമായാണ് കടന്നുപോയത്. കനകം കാമിനി കലഹം ,ഭീമന്റെ വഴി എന്നീ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു.പുതുവർഷത്തിൽ പുതിയ പ്രതീക്ഷകൾ മാത്രമേയുള്ളൂ.ജനഗണമന, സൗദി വെള്ളക്ക, പഴഞ്ചൻ പ്രണയം എന്നിവ റിലീസിന് ഒരുങ്ങുന്നു. കരിക്ക് വെബ്സീരിസിന്റെ ഭാഗമാകാനും കഴിഞ്ഞു.
ജോജു ചേട്ടൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നായികനായകന്മാരിലെ ഞങ്ങൾ നാലുപേരും ചേരുന്ന ലാൽജോസ് സാറിന്റെ ചിത്രവും പുതുവർഷത്തിൽ റിലീസ് ചെയ്യും. കമ്മിറ്റ് ചെയ്ത സിനിമകളുണ്ട്.എല്ലാം കൊണ്ടും സന്തോഷം. നിഷ്കളങ്കമായ സംസാരവും ചുരുണ്ട മുടിയുമല്ല എന്നെ ശ്രദ്ധിക്കാൻ കാരണമെന്ന് കരുതുന്നു. റിയാലിറ്റി ഷോയിൽ ലഭിച്ച കഥാപാത്രങ്ങളോട് നീതി കാട്ടുകയും അത് നന്നായി അവതരിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തതുമുതൽ ആളുകൾ അറിയാൻ തുടങ്ങി. എന്റെ ലുക്ക് ഒരു രീതിയിലും ആകർഷിച്ചിട്ടില്ല. റിയാലിറ്റി ഷോയിൽ പങ്കെടുത്ത മറ്റു ഏഴുപേരെവച്ച് നോക്കുമ്പോൾ എനിക്ക് നായികയാകാനുള്ള സൗന്ദര്യമില്ല എന്നാണ് കിട്ടിയ കമന്റ്. കഥാപാത്രവും ചെയ്യുന്ന രീതിയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ ചെയ്യുന്നത് രസിക്കുന്നതായിരിക്കും അതിന് കാരണമെന്ന് കരുതുന്നു. അഭിമുഖങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. ഒരുപക്ഷേ എന്റെ സംസാര രീതികൊണ്ടായിരിക്കും.
35 വയസുവരെ സിനിമ
പഠിച്ചത് ആർക്കിടെക്ചർ. അവിടേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാകില്ല. സിനിമ വിട്ട് മറ്റൊരു മേഖലയിലേക്ക് പോകുമോ എന്ന് പറയാൻ കഴിയില്ല. മുപ്പത്തിഅഞ്ചുവയസുവരെ സിനിമ എന്ന രീതിയിലാണ് കാണുന്നത്. അഭിനയം കഴിഞ്ഞ് എന്ത് എന്ന ചോദ്യം ഇപ്പോൾ എനിക്ക് ഇല്ല. ആർക്കിടെക്ചർ പഠിക്കുമ്പോൾ അവിടെ മുൻപോട്ട് പോകണമെന്നു തന്നെയായിരുന്നു ആഗ്രഹം. സിനിമയിൽ വരാനാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.വീട്ടിൽ പറയാതെയാണ് ഒാഡിഷന് പോയത്. ആദ്യ പെർഫോമൻസ് ചെയ്യുമ്പോൾ പോലും വീട്ടിൽ അറിയിച്ചില്ല. അങ്ങനെ ഒരു തീരുമാനം എടുത്തതുപോലും സിനിമയിൽ വരും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്ടായിരുന്നു.ആർക്കിടെക്ചർ പഠിച്ച എല്ലാവരെയും പോലെ സങ്കല്പത്തിലെ വീടുണ്ട്. എന്റെ മനസിൽ പൂർണമായും അതിന്റെ സ് കെച്ചുണ്ട്. മനസിനെ ശാന്തമായി വിടാൻ കഴിയുന്ന ഇടം. എല്ലാരീതിയിലും പ്രകൃതിയോട് ഇണങ്ങുന്ന ആ വീട് എവിടെയായിരിക്കും പണി കഴിപ്പിക്കുക എന്നറിയില്ല.
മഞ്ജുച്ചേച്ചി പഠിപ്പിച്ചത്
മഞ്ജുവാര്യർക്കൊപ്പം പരസ്യച്ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഒരേപോലെ മഞ്ജുച്ചേച്ചി പെരുമാറുന്നത് കണ്ടു. എല്ലാവരെയും ബഹുമാനിക്കുന്നു. അഭിനയിക്കുമ്പോൾ സംവിധായകന്റെയും ഒപ്പം ഉള്ളവരുടെയും നിർദ്ദേശം ഉൾക്കൊള്ളാനും അത് തിരികെ നൽകാനും ആത്മാർത്ഥമായ ശ്രമം നടത്തുന്നു. സംവിധായകൻ ഇന്നത് ചെയ്യണമെന്ന് പറയുമ്പോൾ അതിന്റെ ആവശ്യമുണ്ടോയെന്ന് മറുചോദ്യം ചോദിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. സംവിധായകൻ നിർദ്ദേശിക്കുന്നതിനെ മാനിക്കുകയും എത്ര റീടേക്കുകൾ വരെ പോകാനും കുറെക്കൂടി ഗംഭീരമാക്കി മാറ്റാനും മഞ്ജുച്ചേച്ചി നല്ല മനസ് കാട്ടുന്നു.പുതിയ ആളുകൾക്ക് അതു നല്ല പാഠം. മഞ്ജുച്ചേച്ചിയ്ക്കൊപ്പം സിനിമയും സംഭവിക്കട്ടെ.
ആർക്കും അറിയാത്ത വിൻസി
'ബേസിക്കിലി ഹ്യുമൻസ് ആർ പോളിഗമിസ്റ്റ് "എന്നു കനകം കാമിനി കലഹത്തിൽ പറയുന്നത് പോലത്തെ സ്വഭാവം തന്നെയാണ് എനിക്കും കിട്ടിയിട്ടുള്ളത് . പ്രണയമുണ്ട്. പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമല്ല. ഞാൻ ഒരു പോളിഗമിസ്റ്റാണ്. ആർക്കും അറിയാത്ത വിൻസി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാൽ എല്ലാവരും അറിയുന്ന വിൻസി അലോഷ്യസായി മാറും. അപ്പച്ചനോ അമ്മയോ എന്നെ അടുത്തറിയുന്നവരും പോലും അറിയാത്ത ഒരു വിൻസി എന്റെ ഉള്ളിലുണ്ട്. അത് ഞാൻ മാത്രം അറിഞ്ഞാൽ മതി എന്നത് എന്റെ വാശിയാണ്. അപ്പച്ചൻ അലോഷ്യസ്. ഡ്രൈവറായിരുന്നു. അമ്മ സോണി. അദ്ധ്യാപികയായിരുന്നു. ചേട്ടൻ വിപിൻ മസ്കറ്റിൽ. ഒരു കൊച്ചുകുടുംബം. സിനിമയിലേക്ക് വന്നപ്പോൾ കുടുംബത്തിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നു. കഴിവിനെപ്പറ്റിയും എന്ത് സാധിക്കുമെന്നതിനെക്കുറിച്ചും വീട്ടുകാർക്ക് അറിയില്ല. അത് കാണിച്ചുകൊടുത്തപ്പോൾ വിശ്വാസം വന്നു. മക്കളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവുമ്പോൾ മാതാപിതാക്കൾക്ക് സന്തോഷമായിരിക്കുമല്ലോ. ആ നിമിഷത്തിലാണ് അപ്പച്ചനും അമ്മയും. ക്രിസ്മസും പുതുവത്സരവും ഞങ്ങൾ എല്ലാവരും ചേർന്ന് വീട്ടിൽ ആഘോഷിച്ചു.
പ്രിയ ബ്ളെസി
വികൃതിയിലെ സീനത്ത് , കനകം കാമിനി കലഹത്തിലെ ശാലിനി. എന്നാൽ എന്റെ അടുത്ത കൂട്ടുകാരി ഭീമന്റെ വഴിയിലെ ബ്ളെസി ആണ്. സീനത്തിന് കാഴ്ചപ്പാടില്ല, ഭർത്താവിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും അവളെ ആശങ്കപ്പെടുത്തുന്നു. ശാലിനിയിൽ ഒരു ഫെമിനിസ്റ്റ് അംശം കൂടുതലായി എനിക്ക് അനുഭവപ്പെട്ടു. നല്ല കഥാപാത്രമാണെങ്കിലും എവിടെയോ മെയിൽ ഷോവനിസ്റ്റ് ചൂണ്ടിക്കാണിക്കുന്നതായി തോന്നി. ശാലിനിക്ക് ഒരു അടി കിട്ടേണ്ടേ എന്ന് സിനിമ കാണുമ്പോൾ തോന്നും. ബ്ളെസിക്ക് സ്വന്തം നിലപാടുണ്ട്. ആളുകളെ എങ്ങനെ കാണണമെന്നും ഇമോഷൻസ് എങ്ങനെ നിയന്ത്രിക്കണമെന്നും അറിയാം. ബ്ളെസിയെ നൂറുശതമാനം ഭംഗിയാക്കി ചെയ്തുവെന്ന് പറയാൻ കഴിയില്ല. ബ്ളെസിത്തന്നെയാണ്എന്റെ അടുത്ത കൂട്ടുകാരി . ബ്ളെസിയുമായി സമാനതകൾ ഉണ്ടെന്ന് പോലും തോന്നി.