ഒടിടി സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ്; മലയാളത്തിൽ വഴിത്തിരിവായത് സൂഫിയും സുജാതയും

Thursday 30 December 2021 1:30 AM IST

ചലച്ചിത്രക്കാഴ്ച ഒരാഘോഷമാണ്. സിനിമ തിയേറ്രറുകളിലെത്തുമ്പോൾ പ്രേക്ഷകരും താരാരാധകരും അനുഭവിക്കുന്ന ഒരാഹ്ലാദമുണ്ട്. സ്‌ക്രീനിനു മുന്നിലെ നൃത്തവും കൊട്ടിപ്പാടലും ആരാധ്യനായകൻ സ്‌ക്രീനിലേക്കു വരുമ്പോൾ വാരിവിതറുന്ന പൂക്കളും കടലാസുതുണ്ടുകളുമൊക്കെ ആ ആഘോഷത്തിന്റെ ഏറ്റവും സത്യമായ പ്രകടനമാണ്. കാഴ്ചയുടെ ഈ ലോകം കൊട്ടിയടയ്ക്കപ്പെട്ടത് കൊവിഡ് കാലത്താണ്. വാതിലുകളടച്ച് നമ്മൾ വീടകങ്ങളിലേക്കു ചുരുങ്ങിയപ്പോൾ ഇല്ലാതായത് സ്വതന്ത്രമായ കലാപ്രവർത്തനങ്ങളായിരുന്നു.

മരണത്തിന്റെയും രോഗത്തിന്റെയും വാർത്തകൾ മാത്രം കേൾക്കുകയും കാണുകയും ചെയ്യുന്ന ആ നേരത്ത് ടെലിവിഷനുകളിൽ സിനിമകൾ മാത്രം നിരന്തരം വന്നുചേർന്നു. ഒരേ കാഴ്ചയുടെ മടുപ്പ് രൂപപ്പെടുന്നതിനു മുന്നെ ടെലിവിഷനിലും ലാപ്‌ടോപ്പിലും മൊബൈലിലും പുതിയ സിനിമകൾ കാണിക്കാമെന്ന തീരുമാനവുമായി മലയാളിക്ക് തികച്ചും നവീനമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആവിർഭവിച്ചു. വിവിധ ഭാഷകളിലുള്ള നിരവധി ചലച്ചിത്രങ്ങൾ ഒ.ടി.ടി വഴി പ്രേക്ഷകർക്കു മുന്നിലെത്തുമ്പോഴാണ് മലയാളത്തിൽ ആദ്യമായി 2020 ജൂലൈയിൽ ആമസോൺ പ്രൈമിൽ ഷാനവാസ് നരണിപ്പുഴയുടെ സൂഫിയും സുജാതയും എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചത്. അതുവരെ അങ്ങനെയൊരു സാദ്ധ്യത മലയാള സിനിമ ആലോചിച്ചിട്ടേയുണ്ടായിരുന്നില്ല. തിയേറ്ററുകൾ വിട്ടൊരു കാഴ്ച പ്രേക്ഷകരും ചിന്തിച്ചിരിക്കില്ല. മിത്തും യാഥാർത്ഥ്യവും നിറഞ്ഞ വിശാലമായൊരു കാഴ്ച സൂഫിയും സുജാതയും തന്നു.


ഒ .ടി.ടി സിനിമകൾ നിർമ്മിക്കാൻ വൻകിട ചലച്ചിത്രപ്രവർത്തകർ തീരുമാനിച്ചത് ഒരർത്ഥത്തിൽ സിനിമാ വ്യവസായത്തിന് പുതിയ ഉണർവായിരുന്നു. ആമസോൺ പ്രൈമും നെറ്റ്ഫ്‌ളിക്‌സും കൂടാതെ അനവധി പുതിയ ഒ.ടി.ടി പ്ലാറ്റ് ഫോമുകളുണ്ടായി.
പോയ വർഷം ഒ.ടി.ടിയിലെത്തിയ കുറേ ചിത്രങ്ങൾ ആസ്വാദക മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കഥകളുടെ സമീപനത്തിലും അവ കണ്ടെത്തുന്നതിലും നിർമ്മിക്കുന്നതിലുമുള്ള പ്രത്യേകതയുമൊക്കെ ഈ ചിത്രങ്ങൾ ചർച്ച ചെയ്യുന്ന രീതിയിലേക്ക് മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

വാർപ്പു മാതൃകകളെ

മാറ്റിയ ഇന്ത്യൻ കിച്ചൻ

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മലയാളത്തിൽ ഇത്രനാളും വന്നിരുന്ന സ്ത്രീകഥാപാത്രങ്ങളുടെ വാർപ്പു മാതൃകളെ മാറ്റിയെഴുതിയ സിനിമയായിരുന്നു. ജിയോ ബേബി എന്ന സംവിധായകൻ കണ്ട കാഴ്ചകൾ കേരളത്തിലെ പല വീടുകളുടെ പുനരാവിഷ്‌കാരം തന്നെയായിരുന്നു. ഒ.ടി.ടിയിലെ ആദ്യ ഹിറ്റ് എന്നു പറയാവുന്ന സിനിമ കൂടിയായിരുന്നു അത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജയസൂര്യയ്ക്ക് നേടിക്കൊടുത്ത പ്രജേഷ് സെന്നിന്റെ വെള്ളം തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച അംഗീകാരം നേടി. ഒരു പ്രവാസിയുടെ ക്വാറന്റൈൻ കാലത്തെ ജീവിതം സണ്ണി എന്ന രഞ്ജിത് ശങ്കർ സിനിമയിൽ ജയസൂര്യയുടെ അഭിനയം കൊണ്ട് മനോഹരമായി.


മലയാള സിനിമാ ചരിത്രത്തിൽ നൂറുകോടി ക്ലബ്ബിൽ സ്ഥാനം പിടിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ ആരവമാകാൻ കാത്തിരുന്നെങ്കിലും, ദൃശ്യം 2 ആമസോൺ പ്രൈമിലാണ് വന്നത്. മോഹൻലാൽ എന്ന താരരാജാവും ജീത്തുജോസഫ് എന്ന ചലച്ചിത്രകാരനും ചേർന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ മലയാള സിനിമയുടെ മൂല്യമുയർത്തുകയായിരുന്നു. ഈ സമയം തന്നെയാണ് തിയേറ്ററിൽ പ്രദർശനം തുടങ്ങിയ ദ പ്രീസ്റ്റ് എന്ന മമ്മൂട്ടിച്ചിത്രം ജോഫിൻ ടി. ചക്കോ എന്ന നവാഗതന്റെ വരവറിയിച്ചത്. അതേ മാസം പ്രദർശനമാരംഭിച്ച വൺ സിനിമയും സന്തോഷ് വിശ്വനാഥ് എന്ന പുതുസംവിധായകനെ പരിചയപ്പെടുത്തി.

നായാട്ടും നിഴലും

ഭീമന്റെ വഴിയും

വർഷാവസാനമെത്തിയ ഭീമന്റെ വഴി, മോഹൻ കുമാർ ഫാൻസ് അസോസിയേഷൻ, നിഴൽ എന്നീ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ പ്രമേയത്തിലും അവതരണത്തിലും മാറ്റങ്ങളുണ്ടാക്കിയവയാണ്. ഇരയും വേട്ടക്കാരനും ഒരേയിടത്തുണ്ട് എന്നു പ്രഖ്യാപിക്കുന്ന കഥയായിരുന്നു നായാട്ട്. ഭീമന്റെ വഴിയാകട്ടെ എഴുത്തുകൊണ്ടും അഭിനയത്തിന്റെ വഴികളിലേക്ക് പുതിയ ആളുകളെ കൊണ്ടുവന്നും ചിത്രീകരണത്തിലെ മികവുകൊണ്ടും പുതിയസഞ്ചാരമാകുന്നു. അപ്പു ഭട്ടതിരി ഫിലിം എഡിറ്ററിൽ നിന്ന് കളം മാറിയ ചിത്രമായിരുന്നു നിഴൽ. സിനിമ സ്വതന്ത്രമാവുന്നതിനൊപ്പം ബുദ്ധിയുടെയും വ്യാപനമാണെന്ന് ആ ചിത്രം പ്രേക്ഷകനോട് പറയുന്നുണ്ട്.


ലൂസിഫർ തിയേറ്ററുകളെ ഇളക്കിമറിച്ച് ഒ.ടി.ടിയിൽ എത്തിയപ്പോഴും അതേ അവസ്ഥ നിലനിറുത്തിയതാണ് പൃഥ്വിരാജ് എന്ന സംവിധായകന്റെ താരമൂല്യമുയർത്തിയത്. അയ്യപ്പനും കോശിയും തിയേറ്രറിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് ലോക്ക് ഡൗൺ സംഭവിക്കുന്നതും. ഈ വർഷം പൃഥ്വിരാജ് സിനിമകളെല്ലാം തന്നെ ആമസോൺ പ്രൈമിലാണ് അരങ്ങേറിയത്- കോൾഡ് കേസും കുരുതിയും. രോഹിത് സംവിധാനം ചെയ്ത കള, മനു അശോകന്റെ കാണെക്കാണെ എന്നീ ചിത്രങ്ങൾ ടൊവിനോ തോമസിന്റെ അഭിനയം ചൂഷണം ചെയ്തവയായിരുന്നു.

മലയാളത്തിന്റെ ഇന്ത്യൻ

സിനിമ: മിന്നൽ മുരളി

വർഷാവസാനമെത്തിയ മിന്നൽ മുരളി എന്ന സൂപ്പർഹീറോ ചിത്രം,​ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ നെറ്റ്ഫ്‌ളിക്‌സിൽ ഒരേസമയം റിലീസ് ചെയ്ത് ഒരു ഇന്ത്യൻ സിനിമയായി ചരിത്രം സൃഷ്ടിക്കുന്നു. ഹോളിവുഡിലെ സൂപ്പർ ഹീറോ സിനിമകൾക്കു തുല്യമായി മലയാളത്തിൽ ഇത്തരമൊരു ചിത്രമൊരുക്കാൻ ബേസിൽ ജോസഫും സംഘവും ശ്രമിച്ചത് ഭാഷാപരിമിതികൾക്കപ്പുറത്തേക്ക് മലയാള സിനിമയെ കൊണ്ടുപോകാനാവുമെന്ന പ്രഖ്യാപനവുമാണ്.


പരിപൂർണമായും വലിയ തിരശ്ശീലയിലെ മാന്ത്രികക്കാഴ്ചയ്ക്കായി ഒരുക്കിയ മഹേഷ് നാരായണന്റെ ഫഹദ് ഫാസിൽ ചിത്രം മാലിക്കിനും ഒ.ടി.ടിയെ തന്നെ ആശ്രയിക്കേണ്ടി വന്നു. ദിലീഷ് പോത്തന്റെ ജോജി, നസീഫ് യുസഫുദ്ദീന്റെ ഇരുൾ എന്നിവ ആ കണക്കുകൾ ഉറപ്പിക്കുകയായിരുന്നു. ആന്തോളജി ഫിലിം ആയ ആണുംപെണ്ണും തിയേറ്ററിലേക്കാൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തിയത് ഒ.ടി.ടിയിലെത്തിയപ്പോഴാണ്. വേണുവിന്റെ രാച്ചിയമ്മയും ജെ.കെയുടെ സാവിത്രിയും ആഷിക് അബുവിന്റെ പെണ്ണും ചെറുക്കനും താരങ്ങൾക്കു മീതെ കഥാപാത്രങ്ങളുടെ സിനിമയാകുകയായിരുന്നു. സാനു വർഗീസിന്റെ ബിജു മേനോൻ ചിത്രം ആർക്കറിയാം ഇതുപോലെ വേറിട്ടൊരു കഥ കാലത്തിനനുസരിച്ച് പറഞ്ഞു.

ഹോം എന്ന

കുഞ്ഞുപടം

ഒ.ടി.ടി സിനിമകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇന്ദ്രൻസ് നായകനായ റൊജിൻ തോമസിന്റെ ഹോം. ഒരു കുഞ്ഞു സിനിമ അതിന്റെ കഥകൊണ്ട് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന അദ്ഭുതം. ജൂഡ് ആന്റണിയുടെ സാറാസും ഇതേ ശ്രേണിയിൽ എത്തി. രണ്ടാമത്തെ അടച്ചുപൂട്ടലിനുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പ്രേക്ഷകർ ആവേശത്തോടെ സിനിമാശാലകളിലേക്കെത്തിയത് ദുൽഖർ ചിത്രമായ കുറുപ്പിന്റെ വരവോടെയാണ്. സിനിമയുടെ നരേഷൻ വ്യത്യസ്തമാക്കിയ കുറുപ്പ് പുതിയ കാലത്തിന്റെ സിനിമയാണ്. പലവട്ടം റിലീസിംഗ് മാറ്റിവയ്ക്കപ്പെട്ട ബ്രഹ്മാണ്ഡചിത്രമായ മരയ്ക്കാർ- അറബിക്കടലിന്റെ സിഹം വർഷവസാനം തിയേറ്ററിലെത്തി. മരയ്ക്കാർ തിയേറ്ററിൽത്തന്നെ പ്രദർശിപ്പിക്കണമെന്ന നിർമാതാക്കളുടെ തീരുമാനം പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വീണ്ടുമെത്തുന്ന

ഉത്സവകാലം

വിഷു, ഓണം ബക്രീദ്, ക്രിസ്മസ് ആഘോഷകാലങ്ങൾ സിനിമകളുടെ ഉത്സവകാലം കൂടിയാണ് എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിൽ അതൊക്കെ പഴയ ഓർമ്മയായിരുന്നു. എങ്കിലും ഈ ക്രിസ്മസ് കാലത്ത് മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെൽദോ,​ അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം,​ ചിദംബരത്തിന്റെ ജാനേ മൻ,​ ലാൽ ജോസിന്റെ മ്യാവൂ എന്നിവ ഇപ്പോഴും തിയേറ്റർ നിറയ്ക്കുന്നു.

ഫെസ്റ്റിവലുകളിൽ അഭിപ്രായവും പുരസ്‌കാരവും നേടിയ പല സിനിമകൾക്കും ഒ.ടി.ടി വലിയ അനുഗ്രഹമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം, സജിൻ ബാബുവിന്റെ ബിരിയാണി, ജയരാജിന്റെ ബാക് പെക്കേർസ്, അദ്ഭുതം, സുസ്‌മേഷ് ചന്ദ്രോത്തിന്റെ പത്മിനി, കാവ്യപ്രകാശിന്റെ വാങ്ക്, വേണു നായരുടെ ജലസമാധി, ഷാജി അസീസിന്റെ വോൾഫ്, സഞ്ജു സുരേന്ദ്രന്റെ ഏദൻ, മനോജ് കാനയുടെ കെഞ്ചിറെ, അശോക് ആർ കലിത സംവിധാനം ചെയ്ത ഇന്ദ്രൻസിന്റെ വേലുക്കാക്ക ഒപ്പ് ക, ദീപേഷിന്റെ സ്വനം, അൻവർ അബ്ദുള്ളയുടെ മതിലുകൾ- ലവ് ഇൻ ദ ടൈം ഒഫ് കൊറോണ തുടങ്ങിയ സിനിമകൾ തിയേറ്ററിന്റെയും ടി.വിയുടെയും അവകാശങ്ങൾക്കപ്പുറം സ്വതന്ത്രമായ പുതിയൊരു വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു എന്നത് മാറുന്ന കാഴ്ചയുടെ സമീപനം തന്നെയാണ്.

Advertisement
Advertisement