വൃദ്ധന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു

Wednesday 29 December 2021 11:37 PM IST
തെളിവെടുപ്പിനിടെ കോടാലിയും കത്തിയും കണ്ടെടുത്തപ്പോൾ

അമ്പലവയൽ (വയനാട്): മാതാവിനെ ഉപദ്രവിക്കാനെത്തിയ വീട്ടുടമയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് സംഘം ആയുധങ്ങൾ കണ്ടെടുത്തു. അറസ്റ്റിലായ വീട്ടമ്മയും പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ആയിരംകൊല്ലി മണ്ണിൽതൊടിയിൽ മുഹമ്മദ് (70) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ തെളിവെടുപ്പിനിടെ അടുക്കളയിൽ ഒളിച്ചുവച്ച കത്തിയും കോടാലിയും മാതാവ് കാണിച്ചുകൊടുത്തു. മാതാവിനെ ഉപദ്രവിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന മൊഴി പെൺകുട്ടികൾ ആവർത്തിച്ചു.

ഇന്നലെ രാവിലെ പത്തേകാലോടെ കുട്ടികളുടെ മാതാവിനെ കൃത്യം നടന്ന വീട്ടിലേക്ക് എത്തിച്ചു. പിന്നീട് പെൺകുട്ടികളെയും കൊണ്ടുവന്നു. മുഹമ്മദിന്റെ വെട്ടി മാറ്റിയ കാൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്കൂൾബാഗും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവർ വീട്ടിൽ നിന്ന് കണ്ടെടുത്തു.
ചാക്കിനകത്താക്കിയ മൃതദേഹം വലിച്ചിഴച്ച് വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നാണ് മൊഴി. സംഭവസ്ഥലത്ത് തളം കെട്ടിക്കിടന്ന രക്തം കഴുകിക്കളഞ്ഞതായും പറ‌ഞ്ഞു.

വീട്ടിലും പരിസരത്തുമായുള്ള തെളിവെടുപ്പ് നാല്പത് മിനിട്ടോളം നീണ്ടു. മുറിച്ചുമാറ്റിയ കാൽ ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു. ചരിത്ര മ്യൂസിയത്തിന് സമീപം മൊബൈൽ ഫോൺ ഉപേക്ഷിച്ചതും കണ്ടെടുത്തു.

കൊലപാതകം നടത്തിയത് പെൺകുട്ടികളുടെ പിതാവായിരിക്കുമെന്ന് മുഹമ്മദിന്റെ രണ്ടു ഭാര്യമാരിലൊരാൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, സംഭവസമയത്ത് കുട്ടികളുടെ പിതാവ് മറ്റൊരിടത്ത് ജോലിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കല്പറ്റ ഡിവൈ.എസ്.പി എംഡി. സുനിൽ, സുൽത്താൻ ബത്തേരി ഇൻസ്‌പെക്ടർ കെ.വി. ബെന്നി, അമ്പലവയൽ എസ്.ഐ സോബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Advertisement
Advertisement