മട്ടന്നൂരിൽ എന്നുവരും അന്താരാഷ്ട്ര കൺവൻഷൻ സെന്റർ

Wednesday 29 December 2021 11:39 PM IST
കിൻഫ്ര

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ലോകനിലവാരത്തിലുള്ള നിർദ്ദിഷ്ട അന്താരാഷ്ട്ര കൺവൻഷൻ സെന്റർ ആൻഡ് എക്സിബിഷന്റെ നിർമ്മാണം അനന്തമായി നീളുന്നു. 19 മാസം മുമ്പ് ഭരണാനുമതി ലഭിച്ച ഇതിന്റെ പ്രവൃത്തി ഇനിയും തുടങ്ങിയില്ല.

മട്ടന്നൂർ വെള്ളിയാംപറമ്പിൽ കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കർ സ്ഥലത്താണ് സർക്കാർ ഉടമസ്ഥതയിൽ സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനികവുമായ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ നിർമ്മിക്കാനാണ് പദ്ധതി. രാജ്യാന്തര നിലവാരത്തിലുള്ള സമ്മേളനങ്ങൾ നടത്താനുതകുന്ന രീതിയിലാണ് കൺവൻഷൻ സെന്റർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. 3000 ആളുകളെ ഉൾക്കൊള്ളാവുന്നതായിരിക്കും ഇത്. ഇന്ത്യയിലെയും വിവിധ വിദേശരാജ്യങ്ങളിലെയും ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉദ്ദേശിച്ചാണ് എക്സിബിഷൻ സെന്റർ നിർമ്മിക്കുന്നത്. ആധുനിക രീതിയിലുള്ള ഫുഡ് കോർട്ടും ഇതിന്റെ ഭാഗമാകും.

ഇ.പിയുടെ പദ്ധതി

വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനും നിക്ഷേപക സഹകരണം ഉറപ്പാക്കാനും വ്യാപാര വിപണനമേളകൾ ലക്ഷ്യമിട്ടും മുൻവ്യവസായ മന്ത്രി ഇ.പി. ജയരാജൻ തയ്യാറാക്കിയ പ്രൊജക്ട് അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഈ വലി യ പദ്ധതിക്ക് അനുമതി നൽകിയത്. വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിന് 130 ഏക്കർ സ്ഥലം ഏറ്റെടുക്കുയും ഒന്നാംഘട്ട വികസനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

മട്ടന്നൂർ അന്താരാഷ്ട്ര കൺവൻഷൻ സെന്റർ

ചിലവ് 137.67 കോടി

കിഫ്ബി 102.67 കോടി

സർക്കാർ 35 കോടി

Advertisement
Advertisement