അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണം

Thursday 30 December 2021 12:48 AM IST

കേരളത്തിൽ ഏകദേശം 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡ് കാലത്തിന് മുമ്പ് ഉണ്ടായിരുന്നതായാണ് അനൗദ്യോഗികമായുള്ള കണക്ക്. ഇപ്പോൾ കൃത്യമായി എത്രപേർ ഇവിടെ താമസിക്കുന്നു എന്നതിന്റെ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. ഇവരുടെ കണക്കെടുക്കാൻ ലേബർ വകുപ്പ് ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.

കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവരുടെ സാന്നിദ്ധ്യം കേരള സമൂഹത്തിൽ ചില ആശങ്കകൾക്ക് വഴി തുറന്നിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾ ഇല്ലാത്ത ഒരു സ്ഥലവും ഇന്ന് കേരളത്തിലില്ല. വീട്ടുജോലിക്കും കൃഷിപ്പണിക്കും മറ്റ് വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റും അവരുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാതെ തരമില്ല. ഇൗ പശ്ചാത്തലത്തിൽ അവരുടെ വിവര ശേഖരണം വളരെ പ്രധാനമാണ്. ആർക്കും ഇവിടെ വരാം, യാതൊരു രേഖയുമില്ലാതെ താമസിക്കാം, തോന്നുമ്പോൾ തിരിച്ചുപോകാം എന്ന അവസ്ഥ അപകടകരമാണ്.

കിറ്റെക്സ് കമ്പനിയുടെ ക്യാമ്പിൽ പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായവരിൽ ഏഴോളം സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളുണ്ട്. ഇവരുടെ ലഹരി ഉപയോഗവും ക്രിമിനൽ പശ്ചാത്തലവും ജീവിതശൈലിയുമൊന്നും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. നാട്ടുകാർ പലതവണ പരാതി ഉയർത്തിയിട്ടുണ്ടെങ്കിലും അധികൃതർ വേണ്ടത്ര ഗൗരവമായി കണക്കിലെടുത്തിരുന്നില്ല. കിഴക്കമ്പലത്ത് പൊലീസ് ജീപ്പിന് തീയിട്ടത് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ടോ എന്നുപോലും സംശയിക്കാൻ ഇടയാക്കുന്നതാണ്. ബംഗ്ളാദേശികളായ പലരും വ്യാജമേൽവിലാസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളി കൂട്ടങ്ങളിൽ കുടിയേറിയിട്ടുണ്ട്. ഇവർ ആരൊക്കെയെന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകാനുള്ള ഡേറ്റ പൊലീസിന്റെയും ലേബർ വകുപ്പിന്റെയും പക്കലില്ലാത്തത് വലിയ പോരായ്മയാണ്. ഇത് അടിയന്തരമായി പരിഹരിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. അതേ സമയം ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ എടുത്തുചാടിയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതും തിരിച്ചടിക്കാൻ ഇടയാക്കും. കേരളത്തിൽ താമസിക്കുന്ന ഇൗ വിഭാഗങ്ങൾ പല രീതിയിലും ചൂഷണങ്ങൾക്ക് വിധേയരാകുന്നു. അതിനാൽ അവരുടെ ഭാഷയിൽ അവരുമായി ആശയവിനിമയം നടത്താൻ പറ്റുന്ന ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന സംവിധാനം സർക്കാർ ഏർപ്പെടുത്തണം.

കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ പതിവായി സന്ദർശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും നല്ല ബന്ധം പുലർത്താനും ഡിവൈ.എസ്.പി മാർക്കും സ്റ്റേഷൻ മേധാവികൾക്കും പൊലീസ് ആസ്ഥാനത്തുനിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതൊരു ക്രമസമാധാന പ്രശ്നമായി മാത്രം കാണാതെ സാമൂഹ്യ പ്രശ്നമായി കൂടികണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. സന്നദ്ധസംഘടനകളുടെ സഹായവും ഇക്കാര്യത്തിൽ സർക്കാരിന് തേടാവുന്നതാണ്. ഇവരെ അതിഥി എന്ന് വിളിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. അവർക്കിടയിൽ സംഭവിക്കുന്നതെന്തെന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണവും ഇവർക്കിടയിൽ നടത്തേണ്ടത് അനിവാര്യമാണ്.

Advertisement
Advertisement