ഗോത്രവിലാപം 3- കുഴിമാടം കുളം തോണ്ടുന്നു

Thursday 30 December 2021 12:51 AM IST

''നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാൻ വേണ്ടി എത്രയോ അധികാരികളെ ഞാനും എന്റെ കെട്ടിയോൻ നഞ്ചിയപ്പനും പോയി കണ്ടു. കോടതികളിൽ പോയി. ഇപ്പോൾ എന്റെ ഭർത്താവ് മരിച്ചു പോയി. നമ്മുടെ ഭൂമി ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല- പരാതി പറയുന്നത് അട്ടപ്പാടിയുടെ വാനമ്പാടി നഞ്ചിഅമ്മ.

അവർക്കിതുവരെ നീതി ലഭിച്ചിട്ടില്ല. അത്രമേൽ ശക്തമാണ് ആദിവാസി ഭൂമി കൈയ്യേറുന്നവരുടെ ഭരണത്തിലെ സ്വാധീനം. വിഷയം നിയമസഭയിൽ വരെ ഉന്നയിക്കപ്പെട്ടിട്ടും ഇതുവരെ പരിഹാരമായില്ല. 1975ലാണ് അഗളി വില്ലേജിലെ നാലേക്കറിൽ കൂടുതൽ ഭൂമി നഷ്ടപ്പെട്ടതായി കാണിച്ച് നഞ്ചിഅപ്പന്റെ പിതാവ് നാഗനും നഞ്ചിഅമ്മയും പരാതിയുമായി കോടതിയെ സമീപിച്ചത്.

സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നഞ്ചിയമ്മയുടെ ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. മന്ത്രി കെ. രാജൻ നൽകിയ മറുപടി പ്രകാരം നഞ്ചിയമ്മയുടെ ഭൂമിയിൽ നിലവിലെ ഹരജി പ്രകാരം നടപടികൾ തുടരുകയാണ്. അഗളി വില്ലേജിൽ സർവേ നമ്പർ 1167/1,6 എന്നിവയിൽ ഉൾപ്പെട്ട നാലേക്കർ ഭൂമി അന്യാധീനപ്പെട്ടതായി ചൂണ്ടിക്കാണിച്ച് നഞ്ചിയമ്മയും ഗൂളിക്കടവിലെ നാഗനും (നഞ്ചിയമ്മയുടെ ഭർത്താവിന്റെ പിതാവ്) പരാതി നൽകിയിരുന്നു. തുടർന്ന് 1975ലെ കെ.എസ്.ടി നിയമപ്രകാരം ടി.എൽ.എ കേസ് രജിസ്റ്റർ ചെയ്തു. ഒറ്റപ്പാലം ആർ.ഡി.ഒ ഇക്കാര്യത്തിൽ പരാതി ഫയലിൽ സ്വീകരിച്ചിരുന്നു. കേസിന്മേലുള്ള തുടർനടപടികൾക്കായി വിശദമായ പരിശോധന നടത്തിയതിൽ അഗളി വില്ലേജിൽ സർവേ നമ്പർ 1167/1,6 എന്നിവയിലായി ആകെ 4.81 ഏക്കർ ഭൂമി ആദിവാസിയായ നാഗനിൽ നിന്നും ആദിവാസിയല്ലാത്ത കന്തൻ ബോയന് കൈമാറ്റം ചെയ്തുവെന്നാണ് പ്രമാണം. അതിൽ 3.41 ഏക്കർ കന്തൻ ബോയനിൽനിന്നും മണ്ണാർക്കാട് ടി.എൽ.ബി യുടെ 1987 ഒക്ടോബർ 12ലെ ഉത്തരവ് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തു.

ഇത് കഴിച്ചുള്ള 1.40 ഏക്കർ ഭൂമി ഒറ്റപ്പാലം സബ് കോടതിയിലെ കേസിന്മേലുള്ള ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യു എന്നയാൾക്ക് ലഭിച്ചു. .അതിൽ, സർവേ നമ്പർ 1167/1ൽ ഉൾപ്പെട്ട 50 സെന്റ് ഭൂമി നെല്ലിപ്പതി സ്വദേശി കെ.വി. മാത്യു ജോസഫ് കുര്യൻ എന്നയാൾക്ക് കൈമാറി. അദ്ദേഹത്തിന്റെ പേരിൽ ഭൂനികുതി അടക്കുകയും ചെയ്തു. 1999ലെ കെ.എസ്.ടി നിയമത്തിന് വിധേയമായി ഒറ്റപ്പാലം സബ് കളകട്ർ ടി.എൽ.എ ഹർജിയിൽ 2020 ഫെബ്രുവരി 28ന് പുറപ്പെടുവിച്ച ഉത്തരവിൽ നാഗന്റെ കൈവശത്തിൽനിന്നും ആദിവാസി ഇതര വിഭാഗത്തലേക്ക് കൈമാറിയ ഭൂമിയിൽ 3.41 ഏക്കർ മിച്ചഭൂമി ഒഴികെയുള്ള 1.40 ഏക്കർ ഭൂമി കന്തൻ ബോയനോ അദ്ദേഹത്തിന്റെ അനന്തര അവകാശികളുടെ പേർക്കോ കൈവശം നിലനിർത്താൻ നിർദേശിച്ചു.

അന്യാധീനപ്പെട്ട ഭൂമിക്ക് പകരമായി നാഗന്റെ അവകാശികൾക്ക് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സർക്കാറിൽനിന്നും ഭൂമി അനുവദിച്ച് കിട്ടുവാൻ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, നാളിതുവരെ അത് നടപ്പാക്കിയിട്ടില്ല. ടി.എൽ.എ കേസിലെ സബ് കലക്ടറുടെ ഉത്തരവിനെതിരെ പാലക്കാട് കലക്ടർക്ക് നഞ്ചിയമ്മയുടെ ഭർത്താവിന്റെ അച്ഛനായ നാഗമൂപ്പനും മറ്റ് അവകാശികളും അപ്പീൽ സമർപ്പിച്ചു. ആ ഹർജിയിൽ നടപടികൾ തുടരുന്നുവെന്നാണ് മന്ത്രി കെ. രാജൻ നിയമസഭയിൽ നൽകിയ മറുപടി. ഇനി എത്രകാലം തുടരും?

അട്ടപ്പാടിയിൽ മാത്രമല്ല, സംസ്ഥാനത്തെ മിക്കവാറും ജില്ലകളിലെല്ലാം ആദിവാസി ഭൂമി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്.

ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുക്കുകയും പിന്നീട് തിരിച്ച് നൽകാതിരിക്കുകയും അതിനോടൊപ്പം ബന്ധപ്പെട്ട രേഖകൾ ഒപ്പിച്ചെടുക്കുകയും ചെയ്യുന്നതാണ് ഭൂമി തട്ടിപ്പിന്റെ ഒരു രീതി.

ഭൂമിതട്ടിയെടുക്കൽ വൻകിടക്കാർക്കുവേണ്ടിയാണ് നടക്കുന്നതെന്ന് അട്ടപ്പാടിയിലെ സാമൂഹ്യപ്രവർത്തകനായ സുകുമാരൻ പറയുന്നു.

ആദിവാസി ഭൂമി വാങ്ങുന്നതിന് നിയന്ത്രണങ്ങൾ വന്നപ്പോൾ

ഭൂമി അവരുടെ കൈയ്യിൽ നിന്നും നേരിട്ടു വാങ്ങാതെ തന്നെ ആഭൂമിക്ക് സ്വന്തമായി രേഖകൾ ഉണ്ടാക്കി. അതിന്റെ അടിസ്ഥാനത്തിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യും. രണ്ടും മൂന്നും കൈമാറ്റം ചെയ്ത രേഖകൾ വരെ ഉണ്ടാക്കും. 5,6 വർഷം കഴിയുമ്പോൾ വൻകിട ആളുകൾക്ക് ഈ ഭൂമി മൊത്തമായി വിൽപ്പന നടത്തും.

മഹാരാഷ്ട്ര കേന്ദ്രമാക്കിയുള്ള ഒരു കമ്പനിക്ക് മാത്രം അട്ടപ്പാടിയിൽ 101 ഏക്കർ ഭൂമിയുണ്ട്.

ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം അവരുടെ ഭൂമി തട്ടിയെടുത്ത് മടങ്ങുന്നത് ചില നീചന്മാരുടെ ഭൂമി തട്ടിയെടുക്കൽ രീതിയായിരുന്നു. പുറത്തുനിന്നുവരുന്ന ആർക്കും ഇനി പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകില്ലെന്ന് അട്ടപ്പാടിയിലെയും നിലമ്പൂരിലെയും ആദിവാസി സമൂഹങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.

(തുടരും)

Advertisement
Advertisement