അഴിമതി വീരന്മാരായ ലോകനേതാക്കൾ ഒന്നാമതെത്തി ലുക്കാഷെങ്കോ,​ പട്ടികയിൽ അഷ്റഫ് ഘനിയും

Thursday 30 December 2021 2:43 AM IST

കാബൂള്‍: കഴിഞ്ഞ വർഷത്തെ ഏറ്റവും അഴിമതിക്കാരായ ലോകനേതാക്കളിൽ ഒന്നാം സ്ഥാനം ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോയ്ക്ക്. രാജ്യത്ത് താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിൽ നിന്ന് പലായനം ചെയ്ത മുൻ പ്രസിഡന്റ് അഷ്റഫ് ഘനിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടാണ് (ഒ.സി.സി.ആർ.പി)​ പട്ടിക തയ്യാറാക്കിയത്. അഫ്ഗാനിൽ നിന്ന് സ്വന്തം ജനതയെ കൈവിട്ട് ഒളിച്ചു കടന്ന ഘനിക്ക് കഴിവില്ലായ്മയുടേയും അഴിമതിയുടേയും പേരിൽ ഒരു അവാർഡ് തന്നെ നല്കേണ്ടതുണ്ടെന്ന് സംഘടന വിമർശിച്ചു.അതേ സമയം ഒന്നാമതെത്തിയ ലുക്കാഷെങ്കോ തന്റെ അധികാരം മുഴുവൻ വീട്ടിൽ കേന്ദ്രീകരിച്ച സ്വേച്ഛാധിപതിയാണെന്ന് ഒ.സി.സി.ആർ.പി നിരീക്ഷിച്ചു. ദുരിതത്തിലായ സ്വന്തം ജനതയോടും കുടിയേറ്റക്കാരോടും വളരെ മോശമായി പെരുമാറി. വിവേക രഹിതമായ തീരുമാനങ്ങളിലൂടെ അവരുടെ ജീവിതം കൂടുതൽ പ്രയാസകരമാക്കിയെന്നും പാനൽ നിരീക്ഷിച്ചു. തുർക്കി പ്രസിഡന്റ് എർദോഗാൻ,​ സിറിയൻ ഏകാധിപതി ബഷർ ഹാഫെസ് അൽ അസദ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അഴിമതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയ വർഷമാണിതെന്ന് ഒ.സി.സി.ആർ.പി പാനൽ ജഡ്ജ് ഡ്ര്യൂ സുളളിവൻ പറഞ്ഞു.

Advertisement
Advertisement