രൺജിത്ത് വധക്കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്, കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും
ആലപ്പുഴ: ബി ജെ പി നേതാവ് രൺജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് എസ് ഡി പി ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ അനൂപ് അഷ്റഫ്, ജസീബ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
അനൂപും ജസീബും പന്ത്രണ്ടംഗ കൊലയാളി സംഘത്തിൽ ഉൾപ്പെടുന്നവരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി ഇന്നലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എസ് ഡി പി ഐ നേതാവ് ഷാൻ വധത്തിലെ പ്രതികരമാണ് രൺജിത്തിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഡിസംബർ 18ന് രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെയാണ് രൺജിത്തിനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. കൊലയാളികൾ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. അതേസമയം ഷാൻ വധക്കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ എസ് എസ് നേതാക്കൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.