കരിമ്പട്ടികയിൽ പെടുത്തിയ നടപടി റദ്ദാക്കി

Friday 31 December 2021 12:00 AM IST

കൊച്ചി: പത്തുവർഷം മുമ്പ് നടന്ന നെഹ്റുട്രോഫി വള്ളംകളിയുടെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദേവാസ് ചുണ്ടൻ വള്ളത്തിന്റെ ഉടമയും സ്പോൺസറുമായ ടി.എസ്. കലാധരൻ, കൊല്ലം ജീസസ് ബോട്ട് ക്ളബ് അംഗമായ അബ്രഹാം കോശി എന്നിവരെ കരിമ്പട്ടികയിൽപെടുത്തിയ ജൂറിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. രണ്ടു മാസത്തിനകം ഇവരുടെ വാദം കൂടി കേട്ട് ജൂറി തീരുമാനമെടുക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌‌ണന്റെ ബെഞ്ച് നിർദ്ദേശിച്ചു.

ദേവാസ് ചുണ്ടനിലെ അംഗങ്ങൾ നിശ്ചിത യൂണിഫോം ധരിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങളിലാണ് ജൂറി കരിമ്പട്ടികയിൽപെടുത്തിയത്. ഉത്തരവ് ചോദ്യം ചെയ്ത് മുട്ടേൽ കൈനകരിയുടെ ക്യാപ്ടൻ അമൃത് പ്രസാദ് നൽകിയ ഹർജിയും സിംഗിൾബെഞ്ച് ഇതോടൊപ്പം പരിഗണിച്ചു. തങ്ങളുടെ വാദം കേൾക്കാതെയാണ് ജൂറി അപ്പീലിൽ വിധി പറഞ്ഞതെന്നായിരുന്നു ഇരു ഹർജികളിലെയും ആരോപണം. നടപടിയെടുക്കാൻ ഇവരുടെ വാദം കേൾക്കണ്ടെന്നായിരുന്നു സർക്കാർ ഉന്നയിച്ചത്. ഇത് തള്ളിയ സിംഗിൾബെഞ്ച് ഹർജിക്കാർ ജനുവരി 3ന് ജൂറി ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചു.

Advertisement
Advertisement