മയക്കുവെടി ഏശിയില്ല നാടുചുറ്റിയ കാട്ടുപോത്ത് വനത്തിലേക്ക് തിരിച്ചെത്തി

Friday 31 December 2021 12:03 AM IST
കേരളകൗമുദി ഡിസംബർ 30ന് വ്യാഴാഴ്ച തൃശൂർ എഡിഷനിലെ പത്താം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത.

ചാലക്കുടി: മേലൂർ, കൊരട്ടി പഞ്ചായത്തുകളിൽ കഴിഞ്ഞദിവസം ചുറ്റിത്തിരിഞ്ഞ കാട്ടുപോത്ത് അതിരപ്പിള്ളി വനമേഖലയിലേക്ക് മടങ്ങി. മയക്കുവെടിയേറ്റിട്ടും തളരാതിരുന്ന പത്തു വയസുള്ള പോത്ത് വ്യാഴാഴ്ച രാവിലെയാണ് നാലുകെട്ടിൽ നിന്നും ജില്ലാ അതിർത്തി താണ്ടിയത്. കാലടിയിലെ കോൽപ്പാറ വനത്തിൽ നിന്നും ചൊവ്വാഴ്ച പുറത്തുകടന്ന പോത്ത് രണ്ടു ദിവസത്തെ ദീർഘ സവാരിക്ക് ശേഷം വ്യാഴാഴ്ച ഉച്ചയോടെ തൊട്ടടുത്ത കിളിക്കാട് ഭാഗത്ത് മടങ്ങിയെത്തുകയായിരുന്നു. വനപാലകരാണ് പിൻതുടർന്ന് കാട്ടിൽ തിരിച്ചെത്തിച്ചത്. അതിരപ്പിള്ളി റേഞ്ചിലെ വനത്തിൽ കടന്ന ഇത് വൈകുന്നേരമായിട്ടും പുറത്തേക്ക് വന്നിട്ടില്ല. കൊരട്ടിയിലെ നാലുകെട്ടിൽ നിന്നും ഇന്നലെ രാവിലെ തിരിച്ചുനടന്ന പോത്തിനെ അതിരപ്പിള്ളി റേഞ്ച് ഓഫീസർ പി.എസ്. നിധിനും സംഘവും പിൻതുടർന്നു. മൂന്നു മണിക്കൂറിന് ശേഷം കാലടിയിലെ കണ്ണിമംഗലത്തെത്തി. ഇവിടം മുതൽ കാലടി റേഞ്ച് ഓഫീസർ ബി. അശോക് രാജും സംഘവും ഒപ്പമുണ്ടായി. കാരക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.കെ. സൈനുദ്ദീനും സംഘത്തിലുണ്ടായിരുന്നു.

തുടർന്ന് പോട്ട, പ്ലാന്റേഷൻ കോർപറേഷൻ എണ്ണപ്പനത്തോട്ടം എന്നിവ കടന്ന് റിസർവ് വനത്തിലേക്ക് കടക്കുകയായിരുന്നു. മയക്കുവെടി ഏറ്റതിന്റെ ക്ഷീണമൊന്നും പത്തു വയസുകാരൻ പോത്ത് കാണിച്ചില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടിൽ വച്ച് കൂട്ടം തെറ്റിയാലും പോത്തുകൾ പത്ത് കിലോ മീറ്റർ ചുറ്റളവ് വിട്ട് പുറത്തു പോകാറില്ല. ഇത്തരത്തിലെ ദീർഘദൂര യാത്ര വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആശ്ചര്യപ്പെടുത്തി. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.

Advertisement
Advertisement