പൊലീസിൽ ഔദ്യോഗിക ഫോൺ നമ്പർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി

Friday 31 December 2021 12:10 AM IST

തൃശൂർ: ഔദ്യോഗിക സിം കാർഡ് ഉപയോഗിക്കാത്ത പൊലീസിലെ എക്‌സിക്യൂട്ടിവ്, മിനിസ്റ്റീരിയൽ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് നീക്കം. ഫോൺ ഉപയോഗം സംബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് പലരും സി.യു.ജി നമ്പർ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

ഇതോടെ, ഓഫീസ് ആവശ്യത്തിന് സി.യു.ജി നമ്പർ നിർബന്ധമായി ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം വകുപ്പുതല നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഡി.ജി.പിമാർ ഉൾപ്പെടെയുള്ളവർക്ക് സി.യു.ജി നമ്പർ നൽകിയിട്ടുണ്ട്. സി.യു.ജി നമ്പറിൽ പരസ്പരം വിളിക്കുകയാണെങ്കിൽ കോൾ സൗജന്യമാണ്. പല പൊലീസ് സ്റ്റേഷനുകളിലും സി.യു.ജി നമ്പറിന്റെ രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഔദ്യോഗിക നമ്പർ കൈവശമുള്ള പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ജില്ലകളിലേക്കോ, വിജിലൻസ്, ഡെപ്യൂട്ടേഷൻ എന്നിവ പോകുകയാണെങ്കിൽ നിർബന്ധമായും സിം കാർഡ് അതത് പൊലീസ് സ്റ്റേഷനിൽ തിരികെ എൽപ്പിക്കണം.

പെൻഷനായി പോകുന്ന ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതിന് മുമ്പ് തിരിച്ചേൽപ്പിച്ചിട്ടുണ്ടോയെന്ന് സെക്ഷൻ ക്ലാർക്ക് ഉറപ്പ് വരുത്തണം. മിനിസ്റ്റീരിയൽ ജീവനക്കാർക്ക് നൽകിയിട്ടുള്ള നമ്പറുകൾ പലരും വ്യക്തിപരമായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

  • പിഴ, നടപടി

ഓരോരുത്തരുടെയും നമ്പറിന് എല്ലാ മാസവും വാടകയിനത്തിൽ ആഭ്യന്തര വകുപ്പ് പണം അടയ്ക്കുന്നുണ്ട്. നിശ്ചിത തുക അടച്ചാണ് സിം കാർഡ് സൗജന്യമായി നൽകുന്നത്. ഇനി മുതൽ സിം കാർഡ് ആരുടെ കൈവശമാണോ ഉപയോഗിക്കാതിരിക്കുന്നത് അവരിൽ നിന്ന് ഉപയോഗിക്കാതെ ഇരുന്ന സമയം മുതലുള്ള വാടക വസൂലാക്കും. പലരും വാങ്ങിയ ശേഷം ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ടവർക്ക് ഡി.ജി.പി നിർദ്ദേശം നൽകിയിരിക്കുകയാണ്.

Advertisement
Advertisement