ഒമിക്രോൺ, ലഹരി ഒഴുക്ക്, പുതുവർഷാഘോഷം... വലക്കണ്ണികൾ മുറുക്കി പൊലീസ്

Friday 31 December 2021 12:18 AM IST

തൃശൂർ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുകയും വൻതോതിൽ മയക്കുമരുന്ന് അടക്കമുളള ലഹരിയുടെ ഒഴുക്ക് കൂടുകയും ചെയ്തതോടെ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ്. കോമ്പിംഗ്, വാഹനപരിശോധന, മാളുകൾ ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലെ പരിശോധനകൾ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയും കൊവിഡ് പ്രോട്ടോകോൾ ലംഘകർക്കെതിരെയും നിയമനടപടികൾ, സാമൂഹിക മാദ്ധ്യമങ്ങൾ നിരീക്ഷിക്കൽ തുടങ്ങിയവ ശക്തമാക്കും.

മയക്കുമരുന്നുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനും മറ്റും 15 പൊലീസുകാർ ഉൾപ്പെട്ട ലഹരി വിരുദ്ധസേന വ്യാപകപരിശോധന നടത്തും. സിറ്റി സി ബ്രാഞ്ച് എ.സി.പിയുടെ കീഴിലുള്ള ഈ സംഘം മുൻകാല പ്രതികളെ ഉൾപ്പെടെ നിരീക്ഷിക്കും. സംശയമുള്ള പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഡോഗ് സ്‌ക്വാഡിന്റെ ഉൾപ്പെടെ സഹായത്തോടെ മയക്കുമരുന്ന് കണ്ടെത്താനുള്ള പരിശോധനകളുണ്ടാകും. പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ കൈമാറുന്നതിനായുള്ള കേരള പൊലീസിന്റെ യോദ്ധാവ് എന്ന അപ്‌ളിക്കേഷൻ വഴി ലഭിക്കുന്ന പരാതികളിൽ നടപടികളെടുക്കും.

ഫലം കണ്ട് 'ബാക്ക് ടു ബേസിക്‌സ്'

റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കിയ 'ബാക്ക് ടു ബേസിക്‌സ്' എന്ന പദ്ധതിയിലൂടെ 220 ഓളം ലോംഗ് പെൻഡിംഗ് വാറണ്ടുകളും 330 ഓളം നോൺ ബെയിലബിൾ വാറണ്ടുകളും ഈ വർഷം നടപ്പാക്കി. മുങ്ങിനടന്നിരുന്ന 65 ഓളം പ്രതികളാണ് വലയിലായത്. സിറ്റി പൊലീസ് പരിധിയിൽ 107 സി.ആർ.പി.സി പ്രകാരം 306 പേർക്കെതിരെയും 110 പ്രകാരം 23 പേർക്കെതിരെയും നടപടികളെടുത്തു.

സൈബർതട്ടിപ്പുകളുടെ കാലം

സൈബർതട്ടിപ്പ് പെരുകിയ കൊവിഡ് കാലത്ത് ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാെലീസിനായി. മണിപ്പൂർ ഗിഫ്റ്റ് സ്പാം , സിം കാർഡ് ഡ്യൂപ്ലിക്കേഷൻ, ലക്ഷ്മിവിലാസം ബാങ്ക് തട്ടിപ്പ് എന്നിവ ഇതിൽ പ്രധാനം.

  • 2021ൽ പിടിച്ചെടുത്ത കഞ്ചാവ്: 48 കിലോഗ്രാം
  • ഹാഷിഷ്: 3.84 കിലോ
  • എം.ഡി.എം.എ: 195.63 ഗ്രാം
  • എൽ.എസ്.ഡി:0.15 ഗ്രാം
  • നൈട്രസെപ്പാം ഗുളികകൾ: 17
  • കുറ്റകൃത്യങ്ങൾ അടക്കമുളള വിവരങ്ങൾ ശേഖരിച്ചത്: 637 പേരുടെ
  • കാവൽ പദ്ധതിയിൽ വീടുപരിശോധന: 1208
  • കരുതൽനടപടി: 651 പേർക്കെതിരെ
  • സാമൂഹിക മാദ്ധ്യമങ്ങൾ വഴി തെറ്റായപ്രചാരണം: ആറ് കേസ്സുകൾ, 62 പേർ അറസ്റ്റിൽ.

Advertisement
Advertisement