ആദിവാസികളും പട്ടയഭൂമിയും

Friday 31 December 2021 1:36 AM IST

ആദിവാസി വിഭാഗങ്ങൾ കൈവശം വച്ചിട്ടുള്ളതും കൈവശാവകാശരേഖയുള്ളതുമായ ഭൂമിക്ക് ആറുമാസത്തിനകം പട്ടയം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നു. ഉത്തരവ് നടപ്പാക്കി സർക്കാർ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടു.

കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകണമെന്നതടക്കം ആവശ്യപ്പെട്ട് ആദിവാസി കാണിക്കാർ സംയുക്തസംഘമുൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്.

നേരത്തേ കേരള ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ചു നൽകലിന്റെ ഭാഗമായി മറ്റുള്ളവർക്ക് പട്ടയം നൽകിയപ്പോൾ ആദിവാസി വിഭാഗങ്ങൾക്ക് കൈവശാവകാശ രേഖ മാത്രമാണ് നൽകിയത്. തുടർന്ന് ഇവർക്ക് പട്ടയം നൽകാനായി സർക്കാർ ഉത്തരവിറക്കി വകുപ്പ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇത് നടപ്പാക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടപ്പോഴാണ് ആറുമാസത്തിനകം പട്ടയം നൽകാൻ കോടതി ഉത്തരവിട്ടത്. ആദിവാസികൾക്ക് നൽകുന്ന ഭൂമി അവരെ കബളിപ്പിച്ച് മറ്റ് പല വ്യക്തികളും കമ്പനികളും കൈക്കലാക്കുന്നത് ഒരു പുതിയ സംഭവമല്ല. ഇതിനൊക്കെ ഞൊടിയിടയിൽ ആവശ്യമായ രേഖ നൽകാൻ റവന്യുവും മറ്റ് ഇതര വകുപ്പുകളും മത്സരിക്കും. അതേ സമയം ആദിവാസിക്ക് പട്ടയം നൽകുന്നത് അനന്തമായി വൈകിപ്പിക്കുകയും ചെയ്യും. അട്ടപ്പാടിയിൽ മഹാരാഷ്ട്ര ആസ്ഥാനമായ ഒരു കമ്പനിക്ക് നൂറേക്കറോളം വസ്തു ഉണ്ടെന്ന് ഞങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ആദിവസികളുടെ സമകാലീന അവസ്ഥ പ്രതിപാദിക്കുന്ന വിലാപങ്ങളുടെ ഗോത്രഭൂമിയിൽ എന്ന പരമ്പരയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ വേണ്ടി 45 വർഷമായി കേസ് നടത്തുന്ന നഞ്ചിയമ്മയുടെ കുടുംബത്തിന്റെ കഥയും വിവരിച്ചിട്ടുണ്ട്. 1975ൽ അഗളി വില്ലേജിലെ നാലേക്കർ ഭൂമി നഷ്ടപ്പെട്ടതായി കാണിച്ച് നഞ്ചിയമ്മ കോടതിയെ സമീപിച്ചെങ്കിലും ചുവപ്പ് നാടയുടെ നൂലാമാലകളിൽ കുരുങ്ങി ആ കേസ് ഇപ്പോഴും തുടരുകയാണ്.

അട്ടപ്പാടിയിൽ മാത്രമല്ല, സംസ്ഥാനത്തെ മിക്കവാറും ജില്ലകളിലെല്ലാം ആദിവാസികളുടെ ഭൂമി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്. ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുക്കുകയും പിന്നീട് തിരിച്ച് നൽകാതെ അതേ ഭൂമിക്ക് ബന്ധപ്പെട്ട രേഖകൾ ഒപ്പിച്ചെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി.

ആദിവാസിഭൂമി വാങ്ങുന്നതിന് നിയന്ത്രണം വന്നപ്പോൾ രണ്ടും മൂന്നും കൈമാറ്റം നടത്തിയതിനുശേഷം ആ ഭൂമി വാങ്ങുന്ന തട്ടിപ്പും നിലവിൽ വന്നു. ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ചശേഷം അവരുടെ ഭൂമി തട്ടിയെടുക്കുന്ന രീതിയും നിലവിലുണ്ട്. ഉദ്യോഗസ്ഥന്മാരുടെ സഹായമില്ലാതെ ഇതൊന്നും നടക്കില്ല. പക്ഷേ ഇതേ ഉദ്യോഗസ്ഥന്മാർ തന്നെ ആദിവാസിക്ക് പട്ടയം നൽകുന്ന കാര്യം വരുമ്പോൾ നൂറ് തടസ്സങ്ങൾ ഉന്നയിച്ച് അത് വർഷങ്ങളോളം നീട്ടിക്കൊണ്ടു പോകുന്നതാണ് പതിവ്. ഇത് മനസിലാക്കിയാവും ഹൈക്കോടതി ആറ് മാസത്തിനകം അർഹരായ ആദിവാസികൾക്ക് പട്ടയം നൽകാൻ ഉത്തവിട്ടത്. ഇക്കാര്യത്തിൽ സർക്കാർ ഇനി അമാന്തം കാണിക്കരുത്.

Advertisement
Advertisement