ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്
Friday 31 December 2021 8:29 AM IST
പനജി: കായംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ(24), നിഥിൻ ദാസ്(24) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്‌ണുവും കണ്ണനും സഹോദരങ്ങളാണ്. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു അപകടം. ഇവരുടെ സുഹൃത്തുക്കളായ അഖിൽ(24), വിനോദ് കുമാർ(24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന കാർ ദേശിയപാത 66ബിയിൽ സുവാരി ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപെട്ടവരിൽ മൂന്ന് പേർ വിനോദസഞ്ചാരത്തിനെത്തിയവരും രണ്ടുപേർ ഇവിടെ ജോലിചെയ്യുന്നവരുമാണ്.