ഡോക്ടർമാർ സമരം പിൻവലിച്ചു

Saturday 01 January 2022 3:24 AM IST

ന്യൂഡൽഹി: നീറ്റ് പി.ജി പ്രവേശനത്തിനുള്ള കൗൺസിലിംഗ് നീണ്ട് പോകുന്നതിൽ പ്രതിഷേധിച്ച് സമരത്തിലായിരുന്ന റസിഡന്റ് ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ഫോണിലും ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണറുമായി നേരിട്ടും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു.ഡൽഹിയിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായും ഫെഡറേഷൻ ഒഫ് ഫോറസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) ചർച്ച നടത്തിയിരുന്നു. ഒമിക്രോൺ ഭീഷണി നിലനിൽക്കെ സമരം നീട്ടികൊണ്ടു പോകുന്നതിൽ ഡോക്ടർമാർക്കിടയിൽ തന്നെ എതിർപ്പുണ്ടായിരുന്നു.

നവം. 27 മുതൽ റസിഡന്റ് ഡോക്ടർമാർ സമരത്തിലായിരുന്നു. നീറ്റ് വിഷയത്തിൽ സുപ്രീംകോടതി വാദം കേൾക്കുന്ന ജന. 6 ന് മുമ്പ് കേന്ദ്ര ആരോഗ്യ വകുപ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.സുപ്രീംകോടതി വാദത്തിന് ശേഷം നീറ്റ് പി.ജി പ്രവേശനത്തിനായുള്ള കൗൺസലിംഗിന്റെ ഷെഡ്യൂൾ പ്രസിദ്ധീകരിക്കും. 27 ന് സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്ത ഡോകടർമാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കില്ല. ഡോക്ടർമാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് പിൻവലിക്കുന്നത് പരിഗണിക്കും.

സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ദിവസം സർക്കാർ എടുക്കുന്ന നിലപാട് നോക്കി ഭാവി തീരുമാനമെടുക്കും. കൊവിഡ് സാഹചര്യവും സമരം അവസാനിപ്പിക്കാൻ കാരണമായി. സമരത്തിലൂടെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കും

ഫെഡറേഷൻ ഒഫ് ഫോറസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ

Advertisement
Advertisement