പശ്‌ചിമഘട്ട പരി​സ്ഥി​തി​ ലോല മേഖല: കരട് വി​ജ്ഞാപനം ആറ് മാസം നീട്ടി

Saturday 01 January 2022 4:27 AM IST

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പം തടരുന്നതിനാൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറുമാസം നീട്ടാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ഇന്നലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനായിരുന്നു മുൻ തീരുമാനം.

അന്തിമ വിജ്ഞാപനത്തിന് മുൻപ് പരിസ്ഥിതി ലോല മേഖല നിർണയിക്കുന്നതിലെ തർക്കങ്ങൾ പരിഹരിക്കാൻ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുമായി വനം പരിസ്ഥിതി മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല.

കസ്‌തൂരിരംഗൻ സമിതി കണ്ടെത്തി​യ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം നിർദ്ദേശിച്ച,​ ജനവാസ കേന്ദ്രങ്ങളും ജലാശയങ്ങളും തോട്ടങ്ങളും ഉൾപ്പെട്ട 1337.24 ചതുരശ്ര കിലോമീറ്റർ നോൺ കോർ മേഖലയായി കണക്കാക്കുമെന്നാണ് പരി​സ്ഥി​തി​ മന്ത്രാലയത്തി​ന്റെ നി​ലപാട്.

അവിടെ എന്തൊക്കെ പ്രവൃത്തികൾ നടത്താമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. ഇതിൽ വ്യക്തത വരുത്തണമെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
Advertisement