സഞ്ചാരം മുടക്കി പഴശി ജലസേചന പദ്ധതി നീളുന്നു, കനാൽറോഡിലെ ദുരിതയാത്ര എന്നുതീരും ?​

Friday 31 December 2021 10:34 PM IST
കാരയിൽ കനാൽ റോഡ് മണ്ണിട്ട് ഉയർത്തിയ നിലയിൽ

മട്ടന്നൂർ: കനത് മഴയിൽ തകർന്ന കാരയിലെ പഴശ്ശി ജലസേചനപദ്ധതിയുടെ പ്രധാനകനാലിന്റെയും റോഡിന്റെയും പുനർനിർമ്മാണം നീളുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. മണ്ണിട്ട് ഉയർത്തിയ റോഡിലൂടെ ചെറുവാഹനങ്ങൾ മാത്രമാണ് നിലവിൽ കടന്നുപോകുന്നത്‌.

കലുങ്ക് നിർമ്മാണവും റോഡ് ടാറിംഗും ജൂണിൽ പൂർത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത്രവരെ ആർക്കും യാത്ര ചെയ്യണ്ടേയെന്നാണ് നാട്ടുകാരുടെ ചോദ്യം. മഴ നീണ്ടുപോയതാണ് പ്രവൃത്തി വൈകിയതിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം. 2019 ആഗസ്റ്റിലാണ് കനത്ത മഴയിൽ പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാനകനാൽ തകർന്നതും റോഡ് നെടുകെ പിളർന്നതും. വളയാൽ കനാൽ റോഡിലെ കാരയിൽ റോഡിന്റെ മദ്ധ്യഭാഗം അന്ന് തകർന്ന് ഒഴുകിപ്പോയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലയ്ക്കുകയായിരുന്നു.

റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടിയാണ് പുനർനിർമ്മാണത്തിന് സർക്കാർ അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇതിന് മുന്നിൽ മണ്ണിട്ട് ഉയർത്തിയാണ് താത്‌കാലികമായി ഗതാഗതസൗകര്യം ഒരുക്കിയത്. എന്നാൽ റോഡിനായി ഉയർത്തിയ ഭാഗം പിന്നാലെ ഒഴുകിപ്പോയി. വീതിക്കുറവ് മൂലം റോഡിന്റെ മദ്ധ്യഭാഗത്ത് അപകടസാദ്ധ്യത കൂടുതലുമാണ്.

ഒറ്റപ്പെട്ട് വെങ്ങലോട്,​തെളുപ്പ്

കീഴല്ലൂർ, തെളുപ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോയിരുന്നത് ഇതുവഴിയായിരുന്നു. കനാൽ റോഡ് തകർന്നതോടെ വെങ്ങലോട്, തെളുപ്പ് ഭാഗങ്ങളിലുള്ളവർ ഒറ്റപ്പെട്ടനിലയിലായിരുന്നു. രണ്ടുവർഷം മുൻപ്‌ മഴയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്ന് റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Advertisement
Advertisement