രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് : സർക്കാർ തടഞ്ഞോ എന്ന് വ്യക്തമാക്കണം-ചെന്നിത്തല

Saturday 01 January 2022 12:04 AM IST

കൊല്ലം: രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകണമെന്ന് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദ്ദേശം സർക്കാർ ഇടപെടലിനെത്തുടർന്ന് കേരള സർവകലാശാല വൈസ് ചാൻസലർ നിരാകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൈസ് ചാൻസലർക്ക് ഗവർണർ എന്നാണ് നിർദ്ദേശം നൽകിയതെന്നും വ്യക്തമാക്കണം. ഗവർണർ- സർക്കാർ പോര് കനക്കുന്നതിനിടെ ഇവയുൾപ്പെടെ ആറ് ചോദ്യങ്ങൾ ചെന്നിത്തല ഉന്നയിച്ചു.

ഗവർണറുടെ നിർദ്ദേശം വൈസ് ചാൻസലർ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിലാണ്, ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ, കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ അദ്ദേഹത്തിന്റെ കാലാവധി തീരും മുമ്പ് മൂന്നുപേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എന്നാണ് പട്ടിക സമർപ്പിച്ചത്, ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്, ഈ പട്ടികയ്ക്ക് ഇനിയും ഗവർണറുടെ അനുമതി കിട്ടാത്തതിന്റെ കാരണം സർവകലാശാലയ്ക്ക് ബോധ്യമായിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്.

Advertisement
Advertisement