പ്ലാസ്റ്റിക്കിനോട് 'നോ" പറയാം; പകരമുള്ളത് ഇവിടുണ്ട് ...

Saturday 01 January 2022 1:24 AM IST

 ആദ്യദിനം തന്നെ ഹിറ്രായി പ്ലാസ്റ്റിക് ബദൽ ഉത്പന്ന പ്രദർശന മേള

തിരുവനന്തപുരം: 'പ്ലാസ്റ്റിക്കിന് പകരമായി ഇത്രയേറെ സാധനങ്ങളുണ്ടെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. " പ്രദർശനമേള കണ്ടിറങ്ങിയ വീട്ടമ്മയായ സുജയുടെ വാക്കുകളാണിത്. ഇങ്ങനെ അമ്പരന്ന നിരവധി പേരുണ്ട്. പ്രാരംഭദിനം മുതൽക്കെ ഹിറ്റായി മാറുകയാണ് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദൽ ഉത്പന്ന പ്രദർശനമേള. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരിബാഗും ഡിസ്‌പോസിബിൾ വസ്തുക്കളും നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് പ്ലാസ്റ്റിക് ബദൽ ഉത്പന്ന പ്രദർശന മേള സംഘടിപ്പിച്ചത്. പ്ളാസ്റ്റിക്ക് മുക്ത നഗരം എന്നതാണ് നഗരസഭയുടെ ലക്ഷ്യം. മേളയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു. 42 സ്റ്റാളുകളാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിൽ നഗരസഭയുടെ അഞ്ച് സ്റ്റാളുകളുമുണ്ട്. ബാക്കിയുള്ളവ വിവിധ ജില്ലകളിൽ നിന്നെത്തിയവരുടേതാണ്. നാളെയും പ്രദർശനമുണ്ടാവും. 15 മുതൽ നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് നഗരസഭ പരിശോധന നടത്തും.

 ഉത്പന്നങ്ങൾ പലവിധം

പേപ്പർ,​ മുള, തടി,​​ ചണം, ​തുണി,​ പാള,​ ഈറ്റ,​ കളിമണ്ണ്,​ മണ്ണ്,​ ചോളത്തിന്റെ അന്നജത്തിൽ നിന്നുണ്ടാക്കിയ ഉത്പന്നങ്ങൾ കരിമ്പിന്റെ പൾപ്പിൽ നിന്നുണ്ടാക്കിയ ഉത്പന്നങ്ങൾ എന്നിവയാണ് മേളയിലുള്ളത്. പാളയിലും പേപ്പറിലും തടിയിലും ​കരിമ്പിന്റെ പൾപ്പിൽ നിന്നും ഉണ്ടാക്കുന്ന വ്യത്യസ്ത തരം പ്ലേറ്റുകൾ മേളയിലുണ്ട്. മുളയിൽ ഉണ്ടാക്കിയ വട്ടികൾ,​ കുപ്പികൾ, ​കളിമണ്ണിൽ ഉണ്ടാക്കിയ പാത്രങ്ങൾ,​ ചെടിച്ചട്ടികൾ,​ ചണത്തിൽ നിർമ്മിച്ച ഫയലുകൾ,​ സഞ്ചികൾ,​ ചവിട്ട് മെത്തകൾ,​ ഈറ്റയിൽ നിർമ്മിച്ച വട്ടികൾ, ചെറിയ പാത്രങ്ങൾ,​പ്ലേറ്റുകൾ, ​പാളയിൽ നിർമ്മിച്ച തൊപ്പി,​ സ്പൂൺ, പേപ്പറിൽ നിർമ്മിച്ച ബാഗുകൾ എന്നിവയും മേളയിലുണ്ട്.

 അലങ്കാര സാധനങ്ങൾ

ചണത്തിൽ നിർമ്മിച്ച ഫോട്ടോ ഫ്രെയിമുകൾ, ​ഇന്നർ പ്ളാൻഡ് ഹോൾഡർ,​ ഐ.ഡി കാർഡ് ഹോൾഡർ, ​മുളയിൽ നിർമ്മിച്ച ബൾബ് ഹോൾടർ,​ ചിരട്ടയിൽ നിർമ്മിച്ച രൂപങ്ങൾ,​ സ്പൂണുകൾ, ചെടിച്ചട്ടികൾ എന്നിവ മേളയിലുണ്ട്.

 ശ്രദ്ധേയമായി തെരേസിയൻസ് സ്റ്റാൾ

വീട്ടമ്മമാർക്ക് വരുമാനമാർഗവും അതോടൊപ്പം ഹരിത കേരളവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എറണാകുളം സെന്റ് തെരേസ ഗേൾസ് കോളേജിലെ വിദ്യാർത്ഥിനികളുടെ സ്റ്റാൾ ശ്രദ്ധേയമായി. കൗതുകകരമായ ബാഗുകളാണ് ഇവരെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ബാൾ ബാഗ്,​ സ്ട്രോബറി ബാഗ്,​സിപ്പ് ബാഗ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.

Advertisement
Advertisement