രൺജിത്ത് വധക്കേസ്; രണ്ട് മുഖ്യപ്രതികൾ കൂടി പിടിയിൽ, കൊലപാതകത്തിൽ നേരിട്ട് പങ്കുള‌ളവരെന്ന് വിവരം

Saturday 01 January 2022 9:48 AM IST

ആലപ്പുഴ: ബിജെപി നേതാവായ രൺ‌ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി ആക്രമിച്ചുകൊന്ന കേസിലെ പ്രധാനപ്രതികളിൽ രണ്ടുപേർ പിടിയിൽ. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടിച്ചതെന്നാണ് വിവരം. ഡിസംബർ‌ 19ന് ആറ് ബൈക്കുകളിലായെത്തിയ 12 അംഗ സംഘമാണ് രൺജിത്തിനെ കൊലപ്പെടുത്തിയത്. കൊലയിൽ നേരിട്ട് പങ്കുള‌ള രണ്ടുപേരാണ് പിടിയിലായത്. ഇവർ ഇരുവരും ആലപ്പുഴ സ്വദേശികളാണ്.

കൊലയിൽ പങ്കെടുത്തവർക്കെല്ലാം പുറമേനിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ കേസന്വേഷിക്കുന്ന സംഘം കേരളത്തിന് പുറത്ത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിലും കർണാടകത്തിലുമാണ് സംഘം അന്വേഷണം നടത്തിയത്. ഡിസംബർ 19ന് എസ്‌ഡിപി‌ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജിത്ത് കൊല്ലപ്പെട്ടത്.

പ്രഭാതനടത്തത്തിന് വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങവെ എത്തിയ കൊലയാളി സംഘം അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചാണ് രൺജിത്തിനെ കൊലപ്പെടുത്തിയത്. കേസന്വേഷണം എൻഐഎയ്‌ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസംആവശ്യപ്പെട്ടിരുന്നു.