കണികുന്ന് മുതൽ കീഴാറ്റൂർ വരെ ഒറ്റഫ്രെയിമിൽ : അത്ഭുതക്കാഴ്ചയായി തളിപ്പറമ്പ് ബൈപ്പാസ് പ്രവൃത്തി

Sunday 02 January 2022 8:23 PM IST
പട്ടുവം റോഡിൽ നിന്ന് കീഴാറ്റൂരിലേക്കുള്ള തളിപ്പറമ്പ് ബൈപ്പാസ് റോഡ് പ്രവൃത്തിയുടെ ദൃശ്യം

പട്ടുവം:വയൽക്കിളി സമരമടക്കം സംസ്ഥാനശ്രദ്ധ പിടിച്ചുപറ്റിയ തളിപ്പറമ്പ് ബൈപ്പാസിനായുള്ള ഭൂമി നിരപ്പാക്കലിൽ തന്നെ അമ്പരന്ന് പ്രദേശവാസികൾ. കണികുന്ന് കഴിഞ്ഞ് മാന്ധംകുണ്ട് -കീഴാറ്റൂർ വയൽവരെ ഒറ്റക്കാഴ്ചയാണിപ്പോൾ ഇന്നാട്ടുകാർക്ക്.നിരവധി വളവുകളും തിരിവുകളുമൊക്കെ ഒഴിഞ്ഞതിന് പുറമെ ഏറെ ഉയരത്തിലുളള കണികുന്ന് ഇടിച്ച് കീഴാറ്റൂരിനെയും മാന്ധംകുണ്ടിനെയും പിളർത്തിയിരിക്കുകയാണ് ബൈപ്പാസ്.

വലിയ കുന്നിൽ നിന്ന് ഉരുൾപൊട്ടി ഒഴുകിയപോലെയാണ് ഈ കാഴ്ച. ദേശീയപാതയിൽ പട്ടുവം റോഡിൽ നിന്നും മാന്ധംകുണ്ടിലൂടെ വയൽക്കിളികളുടെ സമരത്തിനിടയാക്കിയ കീഴാറ്റൂർ വയലിലേക്ക് നീളുന്ന ഭാഗത്ത് ഭൂമി നിരപ്പാക്കൽ പ്രവൃത്തി നടത്തിയപ്പോഴുള്ള കാഴ്ച അതിശയകരമാണെന്ന് ആരും സമ്മതിക്കും. ഇനി കണികുന്ന് മഞ്ചക്കുഴി ഭാഗത്തെ ഉയരത്തിൽ നിന്ന് മാന്ധംകുണ്ട് -കീഴാറ്റൂർ വഴി നീളുന്ന ബൈപ്പാസ് ഫ്ളൈ ഓവറാണെന്ന് പറയുമ്പോൾ ഇത് എത്രമാത്രം കൗതുകകരമായിരിക്കുമെന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്നുയരുന്നത്.

നാടിനെ രണ്ടായി പകുക്കുമെന്നാണ് വയൽക്കിളികൾ അടക്കമുള്ളവർ ബൈപ്പാസിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. പ്രാഥമിക പ്രവൃത്തി നടന്നപ്പോൾ തന്നെ നാട് രണ്ടായി മാറിക്കഴിഞ്ഞുവെന്നാണ് ഇപ്പോഴത്തെ കാഴ്ചയിൽ തെളിയുന്നത്.കണികുന്ന് ഇടിക്കുന്ന കാര്യം പദ്ധതി ചർച്ചയായഘട്ടത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല.എന്നാൽ കുന്ന് പിളർത്തിയാണ് ഇപ്പോൾ ബൈപ്പാസ് കടന്നുവരുന്നത്.

കുപ്പം പാലത്തിന് സമീപത്തുനിന്ന് ഒരു കിലോമീറ്ററിലേറെ കുന്നിൻപ്രദേശത്തുകൂടിയാണ് ബൈപ്പാസ് കടന്നുവരുന്നത്. കുന്നുകളുടെ സംരക്ഷണമുള്ള സോമേശ്വരം ക്ഷേത്രത്തിനുൾപ്പെടെ ഇപ്പോഴത്തെ പ്രവൃത്തി ഭീഷണി സൃഷ്ടിക്കുമോയെന്ന് ആശങ്കയുയർന്നിട്ടുണ്ട്. സോമേശ്വരത്തിന്റെ തെക്കെ കുന്നിൽ നടക്കുന്ന ചെങ്കൽപാറ ഖനനവും ജെ.സി.ബി വച്ചുള്ള മണ്ണുനീക്കലും കുന്നുകളുടെ താഴ്വാരത്തിന് ഹാനികരമാകുമെന്നും എതിർപ്പുമായി മുന്നിൽ നിൽക്കുന്നവർ ഉന്നയിക്കുന്നുണ്ട്.

ഫ്ളൈ ഓവറെങ്കിൽ വയൽനികത്തുതെന്തിന്?​

വയൽ നികത്തിയുള്ള നിർമ്മാണമല്ല കീഴാറ്റൂരിലേതെന്നായിരുന്നു വയൽക്കിളികളുടെ സമരത്തെ പ്രതിരോധിച്ചവരുടെ പ്രധാന വാദം. എന്നാൽ കണികുന്ന് പൊളിയുന്ന കാഴ്ചയാണ് ഇവിടുത്തുകാർ ഇപ്പോൾ കാണുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യമാദ്ധ്യമങ്ങളിൽ വിമർശനങ്ങളും സംവാദങ്ങളും സജീവമായിട്ടുണ്ട്. കണികുന്ന് പിളർത്തിയെടുക്കുന്ന മണ്ണ് ഉപയോഗിച്ച് കീഴാറ്റൂർ വയൽ നിറയ്ക്കുകയാണ്.

കീഴാറ്റൂർ വയൽ നികത്തുന്നതിനൊപ്പം കണികുന്ന് പലയിടത്തും രണ്ടായി വിഭജിക്കപ്പെട്ടുകഴിഞ്ഞു.

കീഴാറ്റൂരിലെ വയൽ നികത്തിയതിനൊപ്പം കണികുന്നിലെ കുന്നിടിക്കലും പരിസ്ഥിതി സ്നേഹികളുടെ വിമർശനത്തിനിരയായിട്ടുണ്ട്.

Advertisement
Advertisement