കണ്ണൂരിലെ ടൂറിസം വികസനത്തിന് തിരിച്ചടി; സ്ഥലമേറ്റെടുപ്പിൽ കുടുങ്ങി നായിക്കാലി പദ്ധതി

Sunday 02 January 2022 8:52 PM IST
നായിക്കാലിയിൽ നിന്നുള്ള കാഴ്ചകളിലൊന്ന്

കണ്ണൂർ: സ്ഥലമേറ്റെടുപ്പിലെ മന്ദഗതി കണ്ണൂർ ജില്ലയിലെ ടൂറിസം വികസന പ്രതീക്ഷകളിലൊന്നായ കൂടാളി നായിക്കാലി ടൂറിസം പദ്ധതിയ്ക്ക് തിരിച്ചടിയാകുന്നു. പദ്ധതിയുടെ പ്രവേശന കവാടത്തിലെ രണ്ടു സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് വിട്ടുകിട്ടാത്തതാണ് ടൂറിസം വകുപ്പിന്റെ അഭിമാനപദ്ധതിയ്ക്ക് പ്രതിസന്ധിയായിരിക്കുന്നത്.

ഈ സ്ഥലത്തിന്റെ ഉടമകൾ എതിർപ്പു പ്രകടിപ്പിച്ചതു കാരണം 2019 ൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്ത പദ്ധതി കൊവിഡ് ലോക്ക്ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ആറു കോടിയുടെ പ്രവൃത്തി തുടങ്ങുന്നതിനാണ് തിരുവനന്തപുരത്ത് മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തീരുമാനമായത് പത്തു കോടി ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ആറുകോടി ചെലവിൽ നിർമ്മാണം നടത്തുന്നതിനാണ് വർക്കിംഗ് ഗ്രൂപ്പിൽ അംഗീകാരം ലഭിച്ചത്.

കണ്ണൂർ വിമാന താവളത്തിൽ നിന്നും പത്തു കിലോമീറ്റർ ദൂരമാണ് നായിക്കാലിയിലേക്കുള്ളത്. നിലവിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ നിരവധിയാളുകൾ ഇവിടെ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയാണ് നിർമ്മാണം നടത്തുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരെ പോലെ ആകർഷിക്കുന്ന പദ്ധതി നടപ്പിലായാൽ കൂടാളി ഗ്രാമപഞ്ചായത്തിൽ വിനോദസഞ്ചാരമേഖലയിൽ വൻ വികസനത്തിൽ വഴി വയ്ക്കുമെന്നാണ് പ്രതീക്ഷ. നായിക്കാലി ടുറിസം പദ്ധതി യാഥാർത്ഥ്യമാവുകയാണെങ്കിൽ കണ്ണൂർ ജില്ലയിലെ വൻ വികസനമുണ്ടാകും. മട്ടന്നൂർ വിമാന താവളത്തിൽ നിന്നും ചെറിയ ദൂരം മാത്രമേ ഈ പ്രകൃതി രമണീയ സ്ഥലത്തേക്കുള്ളു. ഇതിന് തൊട്ടടുത്താണ് ദുർഗാ ഭഗവതി ക്ഷേത്രം.

കൂടാളി പഞ്ചായത്തിലെ നായ്ക്കാലി മട്ടന്നൂർ നഗരസഭയുമായും ഇരിക്കൂർ പഞ്ചായത്തുമായും അതിർത്തി പങ്കിടുന്നതിനാൽ ഏറെ വികസന പ്രതീക്ഷയാണുള്ളത്. ടി.വി അനിൽകുമാർ (പ്രദേശവാസി)

സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കമാണ് പദ്ധതി നീണ്ടു പോകാൻ കാരണം. ടൂറിസം വകുപ്പിന് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തുനൽകിയാൽ നായ്ക്കാലി പദ്ധതിയുമായി മുൻപോട്ടു പോകും പ്രശാന്ത് വാസുദേവ് ട്രൂറിസം ഡെപ്യുട്ടി ഡയറക്ടർ )

കാഴ്ചകളുടെ സുന്ദരദ്വീപ്

വളപട്ടണം പുഴയുടെ മണ്ണൂർ ഭാഗത്ത് കൂടാളി പഞ്ചായത്തിന്റെയും മട്ടന്നൂർ നഗരസഭയുടെയും അതിർത്തിയിൽ ദ്വീപിന് സമാനമായ സ്ഥലമാണ് നായിക്കാലി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത് വയനാട്ടിലെ കുറുവ ദ്വീപിന്റെ മാതൃകയിലാണ് ഹ നായ്ക്കാലി വിനോദസഞ്ചാര കേന്ദ്രം രൂപകൽപന ചെയ്തത്. കുട്ടികളുടെ പാർക്ക്, തടി കൊണ്ടുള്ള തൂക്കുപാലം, എഫ്.ആർ.പി പെഡൽ ബോട്ടുകൾ, പാർക്കിംഗ് ഏരിയ, ഇരിപ്പിടങ്ങൾ, സോളാർ വിളക്കുകൾ, കഫ്റ്റീരിയ ഹട്ടുകൾ, തടയണ , മരപ്പാലം, വ്യു പോയന്റ്, ഫ്ളോട്ടിംഗ് ബോട്ടു ജെട്ടി എന്നിവയാണ് നിർമ്മിക്കേണ്ടത്.

പദ്ധതിച്ചിലവ് 10കോടി

അംഗീകാരം ലഭിച്ചത് 6 കോടി

Advertisement
Advertisement