കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ സംരക്ഷിക്കപ്പെടാതെ ജല സ്രോതസുകൾ

Monday 03 January 2022 2:41 AM IST

മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ ജൈവവൈവിദ്ധ്യ കലവറ തീർത്ത് ഉറവ വറ്റാത്ത ജലസമ്പത്ത് കാത്ത് സൂക്ഷിച്ചിരുന്ന പൊതുകുളങ്ങൾ ഇന്ന് കരുണകാത്ത് കഴിയുകയാണ്. പായലും വള്ളിപ്പടർപ്പുകളും അതിലുപരി ആരും തിരിഞ്ഞുനോക്കാതെ പാർശ്വങ്ങൾ ഇടിഞ്ഞുവീണും ഗ്രാമീണ കുളങ്ങളെല്ലാം നാശോന്മുഖമായിക്കഴിഞ്ഞു. ഒരു കാലത്ത് ഗ്രാമീണ ജനതയുടെ ദൈനംദിന ജീവിതചക്രത്തിന്റെ ഭാഗമായിരുന്ന ഈ കുളങ്ങളായിരുന്നു പ്രദേശത്തുകാരുടെ ആശ്രയം. ഇതിൽ കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വെള്ളം പ്രധാനം ചെയ്തിരുന്നത് ഈ കുളങ്ങൾ. ഇത്തരം കുളങ്ങളുടെ സാമീപ്യം കൃഷിയുടെ വ്യാപനത്തിനും സാംസ്കാരിക വളർച്ചയ്ക്കും കാരണമായിരുന്നു. ഇന്ന് അവ സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. ഗ്രാമസഭകൾ ചേരുമ്പോൾ പൊതുകുളം നവീകരിക്കാനും സംരക്ഷിക്കാനുമായി പദ്ധതികൾ തയാറാക്കുമെങ്കിലും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ പദ്ധതികളൊന്നും നടത്തിയിട്ടില്ലെന്ന് മാത്രം. കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ വേനൽക്കാലത്ത് ഗ്രാമങ്ങളിൽ കാണുന്ന കുടങ്ങളുടെ നീണ്ട നിര ഒഴിവാക്കാമായിരുന്നു എന്ന് പ്രായമായവർ പറയുന്നു.

കുളങ്ങളുടെ നിലവിലെ അവസ്ഥ

1.പാഴ്‌ച്ചെടികൾ വളർന്നിറങ്ങി

2.ഇഴജന്തുക്കളുടെ താവളമായി

3.പാർശ്വങ്ങൾ തകർന്നുവീണു

4.കൽപ്പടവുകൾ തകർന്നു

**പൂർവികരുടെ കാലം മുതൽ ഉപയോഗിച്ചിരുന്ന ജല സ്രോതസുകളാണ് ഇന്ന് ആരും തിരിഞ്ഞുനോക്കാതെ നാശത്തിന്റെ വക്കിൽ എത്തിനിൽക്കുന്നത്. വസ്ത്രങ്ങൾ കഴുകുന്നതിനോ, വിസ്തരിച്ച് കുളിക്കാനോ ഇന്ന് പ്രദേശവാസികൾക്ക് കഴിയുന്നില്ല.

1....ശാന്തുമൂല കുളം

ആവശ്യത്തിലേറെ വെള്ളമുണ്ട്. പാഴ്‌ച്ചെടികളും ആമ്പലും വളർന്നു. ഉപയോഗിക്കാനാകാത്ത അവസ്ഥ.

2.....ഇടവിളാകം കുളം

വെള്ളത്തിന് നിറവ്യത്യാസം. വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ. പാഴ് ചെടികളും ചെളിയും നിറഞ്ഞു.

വെള്ളം ഏറെയുണ്ട് എന്നിട്ടും...

കണ്ടല കരിംകുളം, പെരുംകുളം, എരുത്താവൂർ കുരിശോട്ടുകോണം, പിരിയാകോട് കുളം പോങ്ങുംമൂട് നാഗക്കാട്ടുകുളം എന്നീ പൊതുകളങ്ങളിൽ വെള്ളം ആവശ്യത്തിലേറെയുണ്ട്. എന്നാൽ മാലിന്യംനിറഞ്ഞ് ദുർഗന്ധം പരത്തുന്ന വിധത്തിൽ ചെളികൊണ്ട് മൂടി പാഴ് ചെടികൾ നിറഞ്ഞു. മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ഇരട്ടക്കലുങ്ക് മാമ്പഴച്ചിറകുളം, വേലിക്കോട്, ശാന്തുമൂലകുളം എന്നിവയുടെ നവീകരണത്തിന് വൻതുകകൾ പലവട്ടം പഞ്ചായത്ത് അധികൃതർ വിനിയോഗിച്ചിരുന്നെങ്കിലും ഈ കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കടുത്ത വേനൽക്കാലത്ത് പോലും നിലയ്ക്കാത്ത വെള്ളമുണ്ടായിരുന്ന മാമ്പഴച്ചിറക്കുളം ഇപ്പോൾ വെള്ളമില്ലാതെ ചെളിനിറഞ്ഞ് മലിനമായി കിടക്കുകയാണ്.

**കുളങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ പൊതുവേദികളിൽ പ്രസംഗിക്കാറുണ്ടെങ്കിലും എല്ലാം വെറും പാഴ് വാക്കെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതികരണം : ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങൾ നവീകരിച്ച് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധമാക്കും. കൊവിഡ്, ഒമിക്രോൺ എന്നീ പ്രതിസന്ധികൾ തരണം ചെയ്താലുടൻ നടപടികൾ സ്വീകരിക്കും.

എ. വത്സലകുമാരി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

Advertisement
Advertisement