മഹാമാരിയെ ഈ വർഷം തുരത്താമെന്ന് പ്രതീക്ഷ : ഡബ്ല്യു എച്ച് ഒ

Monday 03 January 2022 12:11 AM IST

ജനീവ: ഈ വർഷം കൊവിഡ് മഹാമാരിയെ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ സങ്കുചിതമായ ദേശീയവാദവും വാക്സിൻ പൂഴ്ത്തിവയ്പ്പും ഇല്ലാതാകണമെന്ന് ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രെയേസസ് പറഞ്ഞു. പുതുവൽസര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചില രാജ്യങ്ങൾ സങ്കുചിത ദേശീയവാദവും വാക്സിൻ പൂഴ്ത്തിവയ്പ്പും നടത്തിയത് മൂലമാണ് ഒമിക്രോൺ വകഭേദം ഉണ്ടാകാനുള്ള സാഹചര്യം ഉടലെടുത്തത്. ഈ അസമത്വം തുടർന്നാൽ വൈറസ് മൂലമുണ്ടാകുന്ന അപകടം പതിന്മടങ്ങ് വർദ്ധിക്കും. മറിച്ച് ഈ പ്രവണതകൾ അവസാനിപ്പിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെയും ഇല്ലാതാക്കാനാകും. കൊവിഡ് ചികിൽസയ്ക്കായി നിരവധി മാർഗങ്ങൾ ഇപ്പോഴുണ്ട്. വാക്സിനേഷൻ നിരക്കിൽ പല സമ്പന്ന രാജ്യങ്ങളും മുൻപന്തിയിലുണ്ടെങ്കിലും ആഗോളതലത്തിൽ കൊവിഡ് വാക്സിനേഷൻ നിരക്ക് കുറവാണെന്ന കാര്യം നമുക്ക് തിരിച്ചടിയാകും.

യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയുള്ള ജനങ്ങൾ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളിൽ വാക്സിനേഷൻ പാതിഘട്ടം പോലും പിന്നിട്ടിട്ടില്ല. ഇതിനാൽ ജൂലായ് മാസത്തിനുള്ളിൽ ആഗോള ജനസംഖ്യയുടെ 70 ശതമാനം ജനങ്ങൾക്ക് വാക്സിനേഷൻ നല്കണമെന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിലുള്ളതെന്നും അത് പൂർത്തീകരിക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ടെഡ്രോസ് അഭ്യർത്ഥിച്ചു.

അതേ സമയം ഫ്രാൻസിൽ ഇതുവരെയുള്ള ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ലോകത്ത് ഒഒരു കോടി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ രാജ്യമാണ് ഫ്രാൻസ്. ഫ്രാൻസിൽ നിലവിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. ഇതോടെ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. ഇന്ന് മുതൽ പൊതുസ്ഥലങ്ങളിൽ കുട്ടികൾക്കുൾപ്പെടെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് പൂർണമായി വാക്സിൻ എടുത്തവർക്ക് നിരീക്ഷണ കാലയളവ് കുറച്ചു. ഇവർക്ക് ഏഴു ദിവസവും ബാക്കിയുള്ളവർക്ക് പത്ത് ദിവസവുമാണ് ക്വാറന്റൈൻ.

അതേ സമയം കൊവിഡ് വാക്സീനുകൾ കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. ഫൈസർ കുത്തിവയ്പ്പ് ലഭിച്ച 5 മുതൽ 11 വയസുവരെയുള്ള 42,000ത്തിലധികം കുട്ടികളുടെ സുരക്ഷാ റിപ്പോർട്ടുകൾ വിലയിരുത്തിയ ഏജൻസി വാക്സിനിൽ നിന്നുള്ള പാർശ്വഫലങ്ങൾ താൽക്കാലികമാണെന്ന് കണ്ടെത്തി.

Advertisement
Advertisement