പ്രധാനമന്ത്രി ഇന്ന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും

Tuesday 04 January 2022 1:37 AM IST

അഗർത്തല:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും. റോഡ് വികസനവും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെ മണിപ്പൂരിൽ മാത്രം 4,800 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കും. 1850 കോടി മുതൽമുടക്കുള്ള 13 പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. 2950 കോടി മുതൽമുടക്കുള്ള 9 പദ്ധതികളുടെ ശിലാ സ്ഥാപനവും നടത്തും. റോഡ് വികസനം, കുടിവെള്ള വിതരണം, ആരോഗ്യം, വിവരസാങ്കേതിക വിദ്യ, നഗരവികസനം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണിതെന്നാണ് വിവരം.

ഇത് കൂടാതെ 1700 കോടി മുതൽമുടക്കുള്ള 5 ദേശീയപാതകളുടെ നിർമ്മാണത്തിനുള്ള പദ്ധതികൾക്ക് തറക്കല്ലിടും. 110 കിലോ മീറ്ററിലധികം ദൈർഘ്യമുള്ള ഈ ദേശീയപാതകൾ നിലവിൽ വരുന്നതോടെ മേഖലയിലെ റോഡ് ഗതാഗതം കൂടുതൽ സുഗമമാകും. 2,387 പുതിയ മൊബൈൽ ടവറുകളും പ്രധാനമന്ത്രി മണിപ്പൂരിനായി സമർപ്പിക്കും. ഇംഫാലിൽ മാത്രം 280 കോടി രൂപയുടെ കുടിവെള്ളപദ്ധതിയാണ് നടപ്പാക്കുന്നത്. ത്രിപുരയിൽ മഹാരാജ ബിർ ബിക്രം വിമാനത്തവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം മോദി നിർവഹിക്കും. 100 വിദ്യാജ്യോതി സ്കൂളുകളുടെ പ്രഖ്യാപനവും നടത്തും.

Advertisement
Advertisement